മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മഹാരാഷ്ട്ര കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. മുന്‍ മന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റുമായ ബസവരാജ് പാട്ടീല്‍ മുരുംകര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. പാട്ടീല്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെയുടെയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡാന്‍വിസിന്റെയും സാന്നിധ്യത്തില്‍ ബസവരാജ് പാട്ടീല്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. പാട്ടീല്‍ ഇന്ന് രാവിലെ ദേവേന്ദ്ര ഫഡ്‌നാവിസിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടിരുന്നു.
Read Also: ബിജെപി സ്ഥാനാര്‍ത്ഥിയായി നടി ശോഭന തിരുവനന്തപുരത്ത് നിന്ന് മത്സരിക്കണമെന്നാണ് തന്റെ ആഗ്രഹം
മറാത്തവാഡ മേഖലയില്‍ നിന്നുള്ള പ്രമുഖ ലിംഗായത്ത് നേതാവാണ് അദ്ദേഹം. ഔസ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എംഎല്‍എ ആയിട്ടുണ്ട്. ആദ്യ ടേമില്‍ അദ്ദേഹം സംസ്ഥാന മന്ത്രിയായിരുന്നു. 2019ല്‍ ബിജെപി നേതാവ് അഭിമന്യു പവാറാണ് പാട്ടീലിനെ പരാജയപ്പെടുത്തിയത്. അതേസമയം, പാട്ടീലിന്റെ രാജി വാര്‍ത്തകള്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെ നിഷേധിച്ചു. പാട്ടീലില്‍ നിന്ന് രാജിയുമായി ബന്ധപ്പെട്ട് ഒരു കത്തും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments