KeralaLatest News

ഗൾഫിൽനിന്നു വന്ന ഭർത്താവ് ഭാര്യയുടെ സാമ്പത്തിക ഇടപാട് അറിഞ്ഞു, വീട്ടമ്മയെ ആണ്‍സുഹൃത്ത് തീകൊളുത്തിയതിന് പിന്നിൽ..

കൊല്ലം: അഞ്ചലിൽ യുവാവിനെയും യുവതിയെയും വീട്ടിനുള്ളിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് തടിക്കാട് പൂണച്ചുൽവീട്ടിൽ സിബിമോൾ (37) പാങ്ങരംവീട്ടിൽ ബിജു (47) എന്നിവരെ സിബിമോളുടെ വീടിനുള്ളിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തിയത്. സിബിമോളുടെ ഭർത്താവ് ​ഗൾഫിലാണ്.

കുറച്ചുകാലമായി സിബിമോളും ബിജുവും തമ്മിൽ അടുത്തബന്ധമുണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകളെ തുടർന്നുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. തിങ്കളാഴ്ച വൈകിട്ട് 6.30-ഓടെയായിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ സിബിമോളുടെ വീട്ടിൽ ജോലിക്കാരി മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടികൾ ട്യൂഷനു പോയിരുന്നു.

മരിച്ച സിബിമോളുടെ ഭർത്താവ് വിദേശത്താണ്. തിങ്കളാഴ്ച വൈകിട്ടോടെയാണ് ബിജു പെട്രോളുമായി സിബിയുടെ വീട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. സിറ്റൗട്ടിലിരുന്ന സിബിയെ ഇയാൾ ബലമായി പിടിച്ച് വീടിനകത്ത് കൊണ്ടുപോയി വാതിലുകൾ അടച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

വീടിന് പുറത്തുനിന്ന കുട്ടികൾ ഓടിവന്ന് വീടിന്റെ ജനാലകൾ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അപ്പോഴേക്കും ഇരുവരും പൊള്ളലേറ്റ് മരിച്ചിരുന്നു. മുറിയിലെ കട്ടിൽ കത്തിയ നിലയിലായിരുന്നു.

ഇരുവരും വിവാഹിതരാണ്. ഇരുവർക്കും രണ്ടുകുട്ടികൾ വീതമുണ്ട്. ബിജുവും സിബിയും തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായി സിബിയുടെ ബന്ധുക്കൾ പറയുന്നു. ബിജുവിന് സിബി പണം കടം കൊടുത്തിരുന്നു. സിബിയുടെ ഭർത്താവ് ഉദയകുമാർ ഗൾഫിൽ നിന്നും നാട്ടിൽ വന്നപ്പോൾ സാമ്പത്തിക വിവരം അറിയുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.

മാർച്ചിൽ പണം തിരികെ കൊടുക്കാം എന്നാണ് അന്ന് ബിജു പോലീസിനോട് സമ്മതിച്ചിരുന്നത്. ഇപ്പോൾ പണം തിരികെ നൽകേണ്ട ദിവസം അടുത്തപ്പോഴാണ് ഈ അത്യാഹിതം സംഭവിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം വരും ദിവസങ്ങളിൽ നടത്തുമെന്നും പോലീസ് അറിയിച്ചു.

നിയമനടപടികൾക്ക് ശേഷം ചൊവ്വാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു. സിബിയുടെ ഭർത്താവ്: ഉദയകുമാർ. മക്കൾ: അരുണ, അഖിലേഷ്. ബിജുവിന്റെ ഭാര്യ: ഷഹർബാൻ. മക്കൾ: നെബൂഹാൻ, ഷഹബാസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button