Latest NewsIndia

അയോധ്യ രാമക്ഷേത്രത്തിലെ ഒരുമാസത്തെ നടവരവ് ഞെട്ടിക്കുന്നത്, ദശകോടികളും കിലോക്കണക്കിന് സ്വർണ്ണവും വെള്ളിയും

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ച് ഒരുമാസം പിന്നിടുമ്പോൾ ക്ഷേത്രത്തിലേക്ക് കാണിക്കയായി കിട്ടിയത് കോടികൾ. ക്ഷേത്ര ട്രസ്റ്റ് ഭാരവാ​ഹികളാണ് രാമക്ഷേത്രത്തിലെ ഒരുമാസത്തെ നടവരവ് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. പണമായും ചെക്കായും ഡ്രാഫ്റ്റായും 25 കോടി രൂപയാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചത്.

ഇതിന് പുറമേ 10 കിലോഗ്രാമോളം സ്വർണവും 25 കിലോഗ്രാം വെള്ളിയും വിവിധ ഭക്തർ ശ്രീരാമന് സമർപ്പിച്ചു. ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകൾ വഴി നേരിട്ട് ലഭിക്കുന്ന തുകക്ക് പുറമേയാണ് ഇത്രയും പണം ക്ഷേത്രത്തിൽ ലഭിച്ചത്. ബാങ്ക് അക്കൗണ്ടുകളിലെ കണക്ക് സമാഹരിച്ചിട്ടില്ലാത്തതിനാൽ ഈ വഴിയുള്ള തുക ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്ന് രാമ ക്ഷേത്ര ട്രസ്റ്റ് ഓഫീസ് ഇൻ ചാർജ് പ്രകാശ് ഗുപ്ത പറഞ്ഞു.

ഒരു മാസത്തിനകം ഏതാണ്ട് 60 ലക്ഷത്തോളം പേർ ക്ഷേത്രത്തിൽ എത്തിയെന്നാണ് കണക്ക്. ഏപ്രിൽ 17ന് രാമനവമി ആഘോഷങ്ങൾ വരാനിരിക്കുന്നതിനാൽ ക്ഷേത്രത്തിലേക്കുള്ള ഭക്തരുടെ എണ്ണത്തിലും കാണിക്കയായി ലഭിക്കുന്ന വരുമാനത്തിലും വലിയ വർദ്ധനവുണ്ടാകുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് പ്രതീക്ഷിക്കുന്നത്. ഏതാണ്ട് 50 ലക്ഷത്തോളം ഭക്തർ ഈ സമയത്ത് മാത്രം ക്ഷേത്രത്തിലെത്തുമെന്നാണ് കരുതുന്നത്.

രാമനവമി സമയത്ത് കാണിക്കയായും സംഭാവനയായും ലഭിക്കുന്ന തുകയിൽ വർദ്ധനവ് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് മൂന്ന് അത്യാധുനിക ഓട്ടോമാറ്റിക് നോട്ടെണ്ണൽ മെഷീനുകൾ എസ്.ബി.ഐ ക്ഷേത്ര കോംപ്ലക്സിൽ സ്ഥാപിക്കും. നിലവിൽ രണ്ട് ഷിഫ്റ്റുകളിലായാണ് പണം എണ്ണിത്തിട്ടപ്പെടുത്തുന്നത്. തീർത്ഥാടകർക്ക് രസീത് നൽകാൻ ഒരു ഡസനോളം കംപ്യൂട്ടർവത്കൃത കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്.

ഇതിന് പുറമെ അത്രയും എണ്ണം ബോക്സുകളും കാണിക്കയിടാനായി ക്ഷേത്ര കോപ്ലക്സിനുള്ളിൽ സ്ഥാപിച്ചിട്ടുണ്ട്. ഉടൻ തന്നെ പൂർണ സജ്ജമായ ഒരു കൗണ്ടിങ് റൂം പണം എണ്ണിത്തിടപ്പെടുത്താൻ വേണ്ടി മാത്രമായി ക്ഷേത്ര കോംപ്ലക്സിൽ പ്രവർത്തനം തുടങ്ങുമെന്ന് പ്രകാശ് ഗുപ്ത പറഞ്ഞു. ക്ഷേത്രത്തിൽ ലഭിച്ച സ്വർണവും വെള്ളിയും മറ്റ് അമൂല്യ ലോഹങ്ങളും ഉരുക്കി സൂക്ഷിക്കുന്നതിനുള്ള ചുമതല കേന്ദ്ര സർക്കാറിന്റെ നാണയ നിർമാണ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്.

ഇതിനായി ഉദ്യോഗസ്ഥരെത്തി പ്രവർത്തനങ്ങൾ തുടങ്ങിയതായി ട്രസ്റ്റ് അംഗം അനിൽ മിശ്ര പറഞ്ഞു. ഇതിന് പുറമെ സംഭവനകളും കാണിക്കകളും ചെക്കുകൾ, ‍ഡ്രാഫ്റ്റുകൾ, പണമായ നിക്ഷേപം എന്നിവയെല്ലാം കൈകാര്യം ചെയ്യുന്നതിന് എസ്.ബി.ഐയെ ചുമതലപ്പെടുത്തിക്കൊണ്ട് ബാങ്കും ക്ഷേത്ര ട്രസ്റ്റും ധാരണപത്രം ഒപ്പുവെയ്ക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button