അയോധ്യ; അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണം അസാധാരണമാം വിധമെന്ന് റിപ്പോർട്ട്. അതിശക്തമായ ഭൂകമ്പത്തിൽ പോലും ക്ഷേത്രം തകരില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. 2500 വർഷത്തിലൊരിക്കൽ സംഭവിച്ചേക്കാവുന്ന അതിശക്തമായ ഭൂകമ്പത്തെ പോലും രാമക്ഷേത്രം അതിജീവിക്കും. റൂർക്കിയിലെ സിഎസ്‌ഐആർ-സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎസ്‌ഐആർ-സിബിആർഐ) നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ക്ഷേത്രത്തിന്റെ ഘടനയെ കുറിച്ച് സിഎസ്‌ഐആർ-സിബിആർഐ നിരവധി ശാസ്ത്രീയ പഠനങ്ങൾ നടത്തിയിരുന്നു. ഘടനാപരമായ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ നിരവധി പഠനങ്ങൾ നടത്തിയതെന്ന് സിഎസ്‌ഐആർ-സിബിആർഐലെ മുതിർന്ന ശാസ്ത്രജ്ഞനായ ദേബ്ദത്ത ഘോഷ് പറഞ്ഞു.
അടിസ്ഥാന രൂപകൽപ്പന നിരീക്ഷിക്കുകയും, ഘടനാപരമായ വിശകലനം നടത്തുകയും ചെയ്ത ടീമുകളെ നയിച്ചത് ദേബ്ദത്ത ഘോഷിന്റേയും മനോജിത് സാമന്തയുടേയും നേതൃത്വത്തിലായിരുന്നു. വാട്ടർ സാച്ചുറേഷൻ സോണുകൾ, വാട്ടർ ടേബിളുകൾ എന്നിവയെല്ലാം തിരിച്ചറിയുന്നതിനായി ഇലക്ട്രിക്കൽ റെസിസ്റ്റൻസ് ടോമോഗ്രാഫിക്കൊപ്പം തരംഗങ്ങളുടെ പ്രവേഗം കണക്കാക്കാനുള്ള മൾട്ടി-ചാനൽ അനാലിസിസ് ഉൾപ്പെടെ നടത്തിയിട്ടുണ്ട്.
ക്ഷേത്രത്തിന്റെ അടിത്തറയും ഘടനയും ഭൂഗർഭ പരിശോധനകളും അധികൃതർ നടത്തിയിരുന്നു. ഒപ്റ്റിമൽ പെർഫോമൻസ്, ആർക്കിടെക്ചറൽ അപ്പീൽ, സുരക്ഷ എന്നിവയ്‌ക്ക് പ്രാധാന്യം നൽകി 50ലധികം മോഡലുകളെ കൃത്യമായി വിശകലനം ചെയ്ത ശേഷമാണ് നിലവിലുള്ള ഡിസൈൻ ശുപാർശ ചെയ്തതെന്നും ദേബ്ദത്ത പറയുന്നു. ബൻസി പഹാർപൂർ സാന്റ്‌സ്റ്റോൺ ഉപയോഗിച്ചാണ് പൂർണമായ നിർമ്മാണം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments