Latest NewsKeralaIndia

പ്രിയങ്കയും രാഹുലും അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചേക്കും: അമേഠിയിലും റായ്ബറേലിയിലും ഇരുവരും മത്സരിക്കുമെന്ന് സൂചന

ന്യൂഡൽഹി: കോൺ​ഗ്രസ് നേതാക്കളായ പ്രിയങ്ക ​ഗാന്ധിയും രാഹുൽ ഗാന്ധിയും അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. ഉത്തർപ്രദേശിലെ റായ്ബറേലി, അമേഠി എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പിന് മുമ്പ് ഇരുവരും അയോധ്യയിൽ സന്ദർശനം നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ഉറവിടങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഇരുവരുടെയും അയോധ്യ സന്ദർശനം സംബന്ധിച്ച് ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണമില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കോൺ​ഗ്രസിനെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട മണ്ഡലങ്ങളാണ് ഉത്തർപ്രദേശിലെ അമേഠിയും റായ്ബറേലിയും. ഇവ ഉൾപ്പെടെയുള്ള പ്രധാന മണ്ഡലങ്ങളിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം ഏപ്രിൽ 26 ന് ആരംഭിക്കും. പ്രിയങ്കാ ഗാന്ധിയും രാഹുലും അമേഠിയിലേക്കും റായ്ബറേലിയിലേക്കും പോകുന്നതിന് മുമ്പ് അയോധ്യ സന്ദർശിച്ച് രാമക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ഈ മണ്ഡലങ്ങളിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കുന്നതിനുള്ള ശക്തമായ സാധ്യതയുണ്ടെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. യുപിയിലെ രണ്ട് സീറ്റുകളിലേക്കുള്ള രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് കോൺഗ്രസ് നേതാക്കൾ നിലവിൽ മിണ്ടുന്നില്ല.

രണ്ട് നേതാക്കളും മത്സരിക്കാൻ തീരുമാനിക്കുകയാണെങ്കിൽ, നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നത് മെയ് 1 നും മെയ് 3 നും ഇടയിലാകുമെന്ന് വീണ്ടും സ്ഥാനാർത്ഥിത്വത്തിനുള്ള സാധ്യതയെക്കുറിച്ച് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് സൂചന നൽകിയതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു.

മെയ് മൂന്നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. 2004-ൽ അമേഠിയിൽ രാഷ്ട്രീയ അരങ്ങേറ്റം കുറിച്ച രാഹുൽ ഗാന്ധി 2019-ൽ ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടതിന് മുമ്പ് മൂന്ന് തവണ വിജയം നേടിയിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ തവണ വയനാട്ടിൽ നിന്ന് ലോക്‌സഭയിലെത്താൻ രാഹുലിനായി.

2004 മുതൽ റായ്ബറേലി കോൺഗ്രസിൻ്റെ ശക്തികേന്ദ്രമാണ്. 2004 മുതൽ സോണിയ ഗാന്ധി റായ്ബറേലി സീറ്റ് കൈവശം വച്ചിരുന്നു. എന്നാൽ ഫെബ്രുവരിയിൽ സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും താൻ റായ്ബറേലിയിൽ നിന്ന് 2024 ലെ പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിജയിക്കാൻ കഴിഞ്ഞ ഉത്തർപ്രദേശിലെ ഒരേയൊരു സീറ്റാണ് റായ്ബറേലി.

ഉത്തർപ്രദേശിലെ റായ്ബറേലിയിലും അമേഠിയിലും കോൺഗ്രസിൻ്റെ കോട്ടകളിൽ ഈ വർഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിൽ നിന്നും ഒരാളെ മത്സരിക്കൂ എന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. മെയ് 20ന് അഞ്ചാം ഘട്ടത്തിലാണ് ഇരു മണ്ഡലങ്ങളിലും വോട്ടെടുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button