
വര്‍ക്കല: ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. അയിരൂര്‍ മുത്താനാ അമ്പലത്തുംവിള വീട്ടില്‍ ലീലയെയാണ് (45) ഭര്‍ത്താവ് അശോകന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്ന് പുലര്‍ച്ചെ1.30 മണിയോടെയാണ് സംഭവം. 70 ശതമാനത്തോളം പൊള്ളലേറ്റ ലീല ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.
Read Also: മരുന്ന് വില്‍പനയുടെ മറവില്‍ ലഹരി മരുന്ന് കച്ചവടം: തൃശൂരില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവ് പിടിയില്‍
ലീലയുടെ ഭര്‍ത്താവ് അശോകന് ഒരു വര്‍ഷം മുന്നേ സ്‌ട്രോക്ക് വന്ന് ശരീരം തളര്‍ന്നിരുന്നു. ചികിത്സ നടന്നുവെങ്കിലും ഒരു കാലിന് മുടന്ത് സംഭവിച്ചതിനാല്‍ ജോലിക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ഭാര്യ ലീല തൊഴിലുറപ്പ് ജോലിക്ക് പോയാണ് കുടുംബം നോക്കിയിരുന്നത്. അവശനായ തന്നെ ഭാര്യ ഉപേക്ഷിച്ചു പോകുമെന്ന സംശയവും പേടിയുമാണ് ഭാര്യയെ കൊലപ്പെടുത്താന്‍ കാരണമായി ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്.
സംഭവം നടക്കുമ്പോള്‍ ലീലയുടെ മകളും ചെറുമകളും ഉള്‍പ്പെടെ വീട്ടില്‍ ഉണ്ടായിരുന്നു. രാത്രി അമ്മയുടെ കരച്ചില്‍ കേട്ടെത്തുമ്പോള്‍ കണ്ടത് മണ്ണെണ്ണയുമായി നില്‍ക്കുന്ന പിതാവിനെയാണെന്നും അമ്മ മരണ വെപ്രാളത്തില്‍ വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയും മുറ്റത്തു വീഴുകയും ചെയ്തുവെന്ന് മകള്‍ പറഞ്ഞു. മകളാണ് വെള്ളം ഒഴിച്ചു തീ കെടുത്തിയത്. ബഹളം കേട്ട് നാട്ടുകാരും ഓടിയെത്തി. പൊള്ളലേറ്റ ലീലയെ നാട്ടുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് അശോകനെ രാത്രി തന്നെ കസ്റ്റഡിയില്‍ എടുത്തു. മകളുടെ മൊഴി പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments