Latest NewsIndia

കലാപത്തിന് വഴിയൊരുക്കിയ വിധി‌, മെയ്തെയ് വിഭാഗക്കാരെ പട്ടികവർഗമായി പ്രഖ്യാപിച്ച ഉത്തരവ് തിരുത്തി മണിപ്പൂർ ഹൈക്കോടതി

ഗുവാഹത്തി: മണിപ്പുരിൽ മെയ്തെയ് വിഭാഗക്കാരെ പട്ടികവർഗമായി പ്രഖ്യാപിക്കാനുള്ള ഉത്തരവ് തിരുത്തി മണിപ്പൂർ ഹൈക്കോടതി. പട്ടികവർഗ പട്ടികയിൽ മാറ്റം വരുത്താനോ ഭേദഗതി വരുത്താനോ കോടതികൾക്കു കഴിയില്ലെന്നും കേന്ദ്രസർക്കാരിനാണ് അതിന്റെ ചുമതലയെന്നുമുള്ള സുപ്രീംകോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. മെയ്തെയ് വിഭാഗക്കാരെ പട്ടികവർഗമായി പ്രഖ്യാപിക്കാനുള്ള നടപടികൾക്കു സംസ്ഥാന സർക്കാരിനോടു നിർദേശിച്ചുള്ള മണിപ്പുർ ഹൈക്കോടതി വിധിക്കു പിന്നാലെയാണ് മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്.

കലാപത്തിൽ സംസ്ഥാനം ഇതുവരെ സാധാരണ നിലയിലായിട്ടില്ല. ഇന്നത്തെ ഉത്തരവിൽ, ഗോത്ര വിഭാഗങ്ങളെ പട്ടികവർഗത്തിൽ ഉൾപ്പെടുത്തുന്നതിനും ഒഴിവാക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കുന്ന സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ മുൻ ഉത്തരവ് ഹൈക്കോടതി ഉദ്ധരിച്ചു. പട്ടികവർഗ പട്ടികയിൽ മാറ്റം വരുത്താനോ ഭേദഗതി വരുത്താനോ കോടതികൾക്കു കഴിയില്ലെന്നും കേന്ദ്രസർക്കാരിനാണ് അതിന്റെ ചുമതലയെന്നുമാണു ഭരണഘടനാ ബെഞ്ച് അന്നു നിരീക്ഷിച്ചത്.

ഇതനുസരിച്ച് അന്നത്തെ ഹൈക്കോടതി ഉത്തരവിലുള്ള നിർദേശം റദ്ദാക്കാൻ ജസ്റ്റിസ് ഗോൽമി ഗൈഫുൽഷില്ലു ആണ് ഉത്തരവിട്ടത്. 2023 മാർച്ച് 27ന് മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് എം.വി. മുരളീധരന്റെ ഉത്തരവ് സുപ്രീം കോടതിയും ചോദ്യം ചെയ്തിരുന്നു. കുക്കി വിഭാഗത്തിന്റെ ഹർജി പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി മണിപ്പുർ ഹൈക്കോടതി വിധി ചോദ്യം ചെയ്തത്.

ഗോത്ര വിഭാഗക്കാരല്ലാത്ത മെയ്തെയ് വിഭാഗത്തിനു പട്ടികവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെ ഗോത്ര വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ മണിപ്പുർ എന്ന സംഘടന ചുരാചാന്ദ്പുർ ജില്ലയിൽ സംഘടിപ്പിച്ച പ്രതിഷേധ റാലിയാണു സംസ്ഥാനത്തുടനീളം കലാപമായത്. മറുവശത്ത്, മെയ്തെയ് വിഭാഗത്തെ അനുകൂലിച്ച് ഷെഡ്യൂൾഡ് ട്രൈബ് ഡിമാൻഡ് കമ്മിറ്റി മണിപ്പുർ എന്ന സംഘടനയും രംഗത്തിറങ്ങിയതോടെ, ചേരിതിരിഞ്ഞുള്ള പോരിനു സംസ്ഥാനം സാക്ഷിയായി.

മലനിരകളിൽ സ്ഥിതി ചെയ്യുന്ന ജില്ലകളിലാണു ഗോത്ര വിഭാഗക്കാർ ഏറെയുള്ളത്. താഴ്‌വാരത്തുള്ള ജില്ലകളിൽ മെയ്തെയ്ക്കാണു ഭൂരിപക്ഷം. ഗോത്ര വിഭാഗങ്ങൾക്കു നിലവിൽ പട്ടികവർഗ പദവിയുണ്ട്. മെയ്തെയ് കൂടി അതിലേക്കെത്തിയാൽ അവകാശങ്ങൾ നഷ്ടപ്പെടുമെന്നാണു കുക്കി വിഭാഗങ്ങളുടെ ആരോപണം. എന്നാൽ കുക്കി വിഭാഗങ്ങൾക്ക് മ്യാന്മറുമായും ചൈനയുമായും ബന്ധമുണ്ടെന്നാണ് മേയത്തെ വിഭാഗങ്ങളുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button