ഹൈദരാബാദ്: തെലങ്കാനയിലെ ബിആര്‍എസ് എംഎല്‍എയായ ജി ലാസ്യ നന്ദിത (37) വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ എക്സ്പ്രസ് വേയില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറിയായിരുന്നു അപകടം. സെക്കന്തരാബാദ് കന്റോണ്‍മെന്റ് മണ്ഡലത്തിലെ എംഎല്‍എയാണ് ലാസ്യ. സംഗറെഡ്ഢി ജില്ലയിലെ സുല്‍ത്താന്‍പൂര്‍ നെഹ്റു ഔട്ടര്‍ റിംഗ് റോഡിലാണ് അപകടം. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മെറ്റല്‍ ബാരിയറില്‍ ഇടിച്ചു കയറുകയായിരുന്നു. എംഎല്‍എയെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പരുക്കേറ്റ ഡ്രൈവറും എംഎല്‍എയുടെ പിഎയും ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന് മാധ്യമങ്ങളോട് പ്രതികരിച്ചു.
മുന്‍ ബിആര്‍എസ് നേതാവും എംഎല്‍എയുമായിരുന്ന ജി സായന്നയുടെ മകളാണ് ലാസ്യ നന്ദിത. 2015ലാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2023ല്‍ നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് സെക്കന്തരാബാദ് കന്റോണ്‍മെന്റ് മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായത്. 17,169 വോട്ടുകള്‍ക്കായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി ലാസ്യ വിജയിച്ചത്. നന്ദിതയുടെ മരണത്തില്‍ കെ ചന്ദ്രശേഖര്‍ റാവു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി അടക്കമുള്ള നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
Post Your Comments