കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമബംഗാൾ സന്ദർശിക്കും. സന്ദേശ്ഖലിയിൽ ബലാത്സംഗത്തിനിരയായ സ്ത്രീകളെ മോദി സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ട്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് സ്ത്രീകൾ ലൈംഗികാരോപണം ഉന്നയിച്ചിരിക്കുന്നത് എന്നതുകൊണ്ട് തന്നെ മോദിയുടെ സന്ദേശ്ഖലി സന്ദർശനത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
സന്ദേശ്ഖലിയിലെ സ്ത്രീകളെ പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാക്കൾ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണം ഉയർന്നതോടെയാണ് പ്രദേശം ദേശീയശ്രദ്ധയാകർഷിക്കുന്നത്. അതേസമയം, സന്ദേശഖലിയിൽ പീഡനത്തിനിരയായ സ്ത്രീകളെ ദേശീയ മനുഷ്യവകാശ കമ്മിഷൻ സന്ദർശിക്കും. മനുഷ്യാവകാശ കമ്മിഷന്റെ പ്രത്യേക സംഘമാണ് സന്ദേശ്ഖലിയിലെത്തുന്നത്. സ്ത്രീകളെ സന്ദർശിച്ച ശേഷം കേസിന്റെ വിശദമായ റിപ്പോർട്ട് പൊലീസിനോട് തേടുകയും ചെയ്യും.
ദേശീയ പട്ടികവർഗ കമ്മിഷന്റെ മൂന്നംഗ സംഘം സന്ദേശ്ഖലി സന്ദർശിച്ച് പ്രദേശവാസികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സന്ദേശ്ഖലിയിലെ ചില സ്ത്രീകളെ പ്രധാനമന്ത്രി കാണുമെന്നു ബിജെപി വൃത്തങ്ങൾ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബിജെപിയുടെ വനിതാ വിഭാഗത്തിന്റെ സുപ്രധാന യോഗത്തിനായി മാർച്ച് ആറിനു പ്രധാനമന്ത്രി ബംഗാളിൽ എത്തുന്നുണ്ട്.
Post Your Comments