ഗാന്ധിനഗർ: കേന്ദ്രസർക്കാർ രാജ്യത്തെ ഓരോ കോണിലുമുള്ള പൗരന്മാരുടെ ജീവിതം മെച്ചപ്പെടുത്തുമെന്ന് ഉറപ്പു നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനത്തിന്റെ അത്ഭുത കാലഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നു പോകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സബ് കാ സാത്ത്, സബ് കാ വികാസ് എന്നതാണ് കേന്ദ്രസർക്കാരിന്റെ മുദ്രാവാക്യമെന്നും ഇതിലൂന്നിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു. മെഹ്സാനയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദിയുടെ ഉറപ്പാണ് രാജ്യത്തിന്റെ ഓരോ കോണിലുമുള്ള പൗരന്മാരിൽ വികസനമെത്തിക്കുമെന്നത്. നിരവധി ആളുകൾക്ക് വീടുകൾ നിർമ്മിച്ചു നൽകി, കുടിവെള്ളം എല്ലാവരിലേക്കും എത്തിച്ചു. കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത് സബ് കാ സാത്ത്, സബ് കാ വികാസ് എന്ന മന്ത്രത്തിലൂന്നിയാണ്. ഭാവി തലമുറയുടെ ഭാവി സുരക്ഷിതമാക്കുന്നതിനാണ് ഇന്ത്യയിൽ ഓരോ പദ്ധതിക്കും സർക്കാർ തുടക്കംകുറിച്ചിരിക്കുന്നത്. റോഡുകളും, റെയിൽവേ ട്രാക്കുകളും ആധുനിക ഭാരതത്തിന്റെ മാത്രം നേട്ടങ്ങളാണ്. 2047ഓടെ വികസിത ഭാരതം എന്ന കേന്ദ്രസർക്കാരിന്റെ ലക്ഷ്യം പൂവണിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസർക്കാർ പ്രാധാന്യം നൽകുന്നത് ഭാരതത്തിന്റെ സംസ്‌കാരത്തിലും പൈതൃകത്തിലും ഊന്നിയുള്ള വികസനത്തിനാണ്. അയോദ്ധ്യയിലെ രാമമന്ദിരവും അബുദാബിയിലെ ബാപ്സ് ക്ഷേത്രവും ഇന്ന് രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്നു. എന്നാൽ കോൺഗ്രസ് ശ്രീരാമചന്ദ്രന്റെ അസ്ഥിത്വത്തെ പോലും ചോദ്യം ചെയ്തു. വോട്ടുബാങ്ക് ഇല്ലാതാവുമോ എന്നതുമാത്രമാണ് അവരുടെ ആശങ്കയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments