തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ സിപിഎം ബുധനാഴ്ച അന്തിമ തീരുമാനം എടുക്കും. സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കാന്‍ നാളെ രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ഉച്ചക്ക് ശേഷം സംസ്ഥാന കമ്മിറ്റിയും ചേരും. സംസ്ഥാന നേതൃയോഗങ്ങളിലെ തീരുമാനത്തിന് ശേഷം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ അംഗീകാരം കൂടി വാങ്ങിയ ശേഷം 27ന് സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
Read Also: അമിത് ഷായ്ക്ക് എതിരായ അപകീര്‍ത്തി പരാമര്‍ശം, രാഹുല്‍ ഗാന്ധിക്ക് ജാമ്യം
സംസ്ഥാന സെക്രട്ടേറിയറ്റ് തയ്യാറാക്കിയ പ്രാഥമിക നിര്‍ദേശങ്ങള്‍ ജില്ലാ സെക്രട്ടേറിയറ്റുകള്‍ ചര്‍ച്ച ചെയ്ത് കഴിഞ്ഞതോടെ സിപി
എം മത്സരിക്കുന്ന 15 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഏതാണ്ട് ധാരണ ആയിട്ടുണ്ട്. ഭൂരിപക്ഷം മണ്ഡലങ്ങളിലും ഒറ്റ പേരിലേക്ക് എത്താനായി. അതിലും മാറ്റം വേണമോയെന്ന് നാളെ രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ആലോചിക്കും. മന്ത്രിസഭയില്‍ നിന്ന് കെ രാധാകൃഷ്ണനെ മത്സരത്തിന് ഇറക്കുന്നതിലും കെ കെ ശൈലജയെ മത്സരിപ്പിക്കുന്നതിലും എല്ലാം ഒരിക്കല്‍ കൂടി ആലോചന നടക്കും.
ആലത്തൂര്‍ സീറ്റ് തിരിച്ചുപിടിക്കാനാണ് ജനകീയനായ മന്ത്രി കെ രാധാകൃഷ്ണനെ മത്സരിപ്പിക്കുന്നത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ കെ ശൈലജയെ വടകരയിലും, ടി എം തോമസ് ഐസക്കിനെ പത്തനംതിട്ടയിലും, എളമരം കരീമിനെ കോഴിക്കോട്ടും മത്സരിപ്പിക്കാനും ധാരണയായിട്ടുണ്ട്. മൂന്ന് ജില്ലാ സെക്രട്ടറിമാരെയും മത്സരിപ്പിക്കാന്‍ ധാരണയിലെത്തികഴിഞ്ഞു. തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വര്‍ക്കല എംഎല്‍എയുമായ വി ജോയി ആറ്റിങ്ങല്‍ സീറ്റില്‍ മത്സരിക്കും. കാസര്‍കോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്ററിനെ കാസര്‍കോട് മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ശുപാര്‍ശ. ടി.വി രാജേഷിന്റെ പേര് കൂടി സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലുണ്ടെന്ന് സൂചനയുണ്ട്.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ കണ്ണൂരിലും മത്സരിപ്പിക്കാനിറക്കും. മലപ്പുറത്ത് വി പി സാനു, അബ്ദുള്ള നവാസ് എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്. ചാലക്കുടിയില്‍ ബി ഡി ദേവസി, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്, കൊല്ലത്ത് എം മുകേഷ് , ആലപ്പുഴയില്‍ സിറ്റിങ്ങ് എംപി എ എം ആരിഫ് എന്നിവരും മത്സരിക്കും. എറണാകുളം, പൊന്നാനി സീറ്റുകളുടെ കാര്യത്തില്‍ ഇനിയും വ്യക്തത കൈവന്നിട്ടില്ല. പൊന്നാനിയില്‍ കെ ടി ജലീല്‍, വി വസീഫ് എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുളളത്.
Post Your Comments