വയനാട്: രാഹുൽ ഗാന്ധി എംപി വയനാട്ടിൽ എത്തി. വന്യമൃഗങ്ങളുടെ ആക്രമണങ്ങളെ തുടർന്ന് പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയത്. കണ്ണൂരിൽ നിന്ന് ഇന്ന് രാവിലെ 7:45 ഓടെ അദ്ദേഹം റോഡ് മാർഗ്ഗം വയനാട്ടിൽ എത്തുകയായിരുന്നു. തുടർന്ന് ബേലൂർ മഗ്‌നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട് അദ്ദേഹം സന്ദർശിച്ചു. ശേഷം കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച പിവി പോളിന്റെ വീടും, കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ ഡിസംബറിൽ കൊല്ലപ്പെട്ട മൂടക്കൊല്ലി സ്വദേശി പ്രജീഷിന്റെ വീടും രാഹുൽ ഗാന്ധി സന്ദർശിക്കുന്നതാണ്.
കൽപ്പറ്റയിലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ എത്തുന്ന അദ്ദേഹം ജില്ലാ ഭരണകൂടവുമായി നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ചെറിയ ഇടവേള നൽകിയാണ് അദ്ദേഹം വയനാട്ടിൽ എത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് അദ്ദേഹം കേരളത്തിലേക്ക് യാത്ര തിരിച്ചത്. നിലവിൽ, വാരണാസിയിലാണ് ഭാരത് ജോഡോ ന്യായ് യാത്ര എത്തിനിൽക്കുന്നത്. അതേസമയം, ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്‌നയെ പിടികൂടാനുള്ള ദൗത്യം എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
Post Your Comments