KeralaLatest News

കണ്ണിൽ മുളകുപൊടി വിതറി 26 ലക്ഷം രൂപയുടെ സ്വർണം കവർന്നെന്ന സ്വന്തം പരാതിയിൽ കുടുങ്ങിയത് ബാങ്ക് മാനേജർ തന്നെ!

മൂവാറ്റുപുഴ: ബാങ്കുമാനേജകുടെ കണ്ണിൽ മുളകുപൊടി വിതറി 26 ലക്ഷം രൂപയുടെ സ്വർണം കവർന്നെന്ന കേസിൽ വൻ വഴിത്തിരിവ്. മൂവാറ്റുപുഴയിലെ സ്വകാര്യ ബാങ്കിലെ മാനേജരായ രാഹുൽ രഘുനാഥാണ് ബൈക്കിൽ സഞ്ചരിക്കവെ രണ്ടം​ഗ സംഘം കണ്ണിൽ മുളകുപൊടി വിതറി സ്വർണം തട്ടിയെടുത്തെന്ന പരാതി നൽകിയിരുന്നത്. എന്നാൽ, പൊലീസിന്റെ അന്വേഷണത്തിൽ എല്ലാം രാഹുൽ രഘുനാഥിന്റെ നാടകമായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു. സ്വന്തം സ്ഥാപനത്തിലെ ഓഡിറ്റിൽ കുറവുണ്ടെന്ന് കണ്ടെത്തിയ സ്വർണത്തിന് പകരം വെക്കാനായിരുന്നു ഇയാൾ 26 ലക്ഷം രൂപയുടെ സ്വർണം കൊള്ളയടിക്കപ്പെട്ടു എന്ന കഥമെനഞ്ഞത്.

കഴിഞ്ഞ ദിവസം ഉച്ചയോടെ തൃക്ക ക്ഷേത്രത്തിന് സമീപത്തുവച്ച് രണ്ടം​ഗ സംഘം തന്റെ കൈവശമുണ്ടായിരുന്ന സ്വർണം കൊള്ളയടിച്ചു എന്നാരോപിച്ച് രാഹുൽ രഘുനാഥ് തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടംഗ സംഘം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന തൻറെ കണ്ണിൽ മുളകുപൊടി വിതറിയെന്നും കൈയിലുണ്ടായിരുന്ന 26 ലക്ഷം രൂപയുടെ സ്വർണം കവർന്നെന്നുമായിരുന്നു പരാതി.

എറണാകുളം റൂറൽ പരിധിയിലെ പൊലീസുകാർ ഒന്നടങ്കം പരാതിക്ക് പിന്നാലെ അന്വേഷണവുമായി ഇറങ്ങിയെങ്കിലും ഇരുചക്രവാഹനത്തിലെത്തിയ രണ്ടം​ഗ സംഘത്തെ കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. ഇതിനിടെ സാഹചര്യ തെളിവുകളിലും ചില പൊരുത്തക്കേടുകൾ പൊലീസിന്റെ ശ്രദ്ധയിൽപെട്ടു.

രാഹുലിൻറെ കണ്ണിൽ മുളകുപൊടി ഉണ്ടായിരുന്നെങ്കിലും ഹെൽമെറ്റിൽ മുളകുപൊടിയുടെ അംശങ്ങളൊന്നും കണ്ടില്ല. രാഹുൽ സഞ്ചരിച്ചിരുന്ന ബൈക്കിൻറെ സീറ്റിലും കാര്യമായി മുളകുപൊടി ഉണ്ടായിരുന്നില്ല. മാത്രമല്ല, രാഹുൽ രഘുനാഥൻ പറഞ്ഞ പല കാര്യങ്ങളിലും പൊലീസിന് പൊരുത്തക്കേട് തോന്നി. ഇതോടെ മൂവാറ്റുപുഴ ഡിവൈഎസ്പി എ.ജെ. തോമസും സംഘവും വിശദമായ അന്വേഷണം തുടങ്ങി. രാഹുലിനെ വിശദമായി ചോദ്യം ചെയ്തതോടെ ഇയാൾ സത്യം പൊലീസിനോട് തുറന്ന് പറഞ്ഞു. രാഹുൽ ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഓഡിറ്റിങ്ങ് നടത്തിയപ്പോൾ 530 ഗ്രാം സ്വർണ്ണം കുറവ് വന്നതായി കണ്ടെത്തിയിരുന്നു.

ഈ സ്വർണം ഇന്നലെ ആയിരുന്നു തിരികെ ഏൽപ്പിക്കുവാൻ രാഹുലിന് ബാങ്ക് നിർദ്ദേശിച്ചിരുന്നു സമയം. മറ്റൊരു ബാങ്കിൽ നിന്ന് ടേക്ക് ഓവർ ചെയ്ത് കൊണ്ടു വന്ന 26 ലക്ഷം രൂപയുടെ സ്വർണം മോഷണം പോയെന്ന് വ്യാജ പരാതി ഉണ്ടാക്കുകയും ഈ സ്വർണം സ്വന്തം ബാങ്കിൽ വെക്കാനുമായിരുന്നു ഉദ്ദേശിച്ചിരുന്നത്. രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. സംഭവത്തിന് പിന്നിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button