Latest NewsKeralaIndia

ഗോഡ്സെയെ പ്രകീര്‍ത്തിച്ച് കമന്‍റ്: എന്‍ഐടി അധ്യാപിക ഷൈജ ആണ്ടവൻ പൊലീസ് സ്റ്റേഷനില്‍ ഹാജരായി

കോഴിക്കോട്: ഗോഡ്സെയെ പ്രകീർത്തിച്ച് സാമൂഹ്യമാധ്യമത്തിൽ കമന്റിട്ട സംഭവത്തിൽ ചോദ്യം ചെയ്യലിന്റെ ഭാഗമായി കോഴിക്കോട് എൻഐടി അധ്യാപിക ഷൈജ ആണ്ടവൻ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. അധ്യാപികയെ കുന്നമംഗലം പൊലീസ് ചോദ്യം ചെയ്തു.
ഇന്ന് രാവിലെ ആണ് അധ്യാപിക സ്റ്റേഷനിൽ ഹാജരായത്.

ഫേസ്ബുക്ക് കമന്‍റ് ഇടാൻ ഉപയോഗിച്ച ഫോണ്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാക്കി. ആരോഗ്യ കാരണങ്ങളാൽ ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ ഹാജരാകാനാകില്ലെന്നായിരുന്നു നേരത്തെ ഷൈജ ആണ്ടവൻ പൊലീസിനെ അറിയിച്ചിരുന്നത്. തുടര്‍ന്ന് മൂന്നു ദിവസത്തെ സമയവും ചോദിച്ചിരുന്നു. ഇതിനുശേഷമാണിപ്പോള്‍ സ്റ്റേഷനില്‍ ഹാജരായത്.

ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30 ന് അഭിഭാഷകനും തീവ്ര ഹിന്ദുത്വവാദിയുമായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ വിവാദത്തിനിടയാക്കിയ കമന്റിട്ടത്. ‘പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിംഗ് ഇന്ത്യ’ (ഇന്ത്യയെ രക്ഷിച്ചതിന് ഗോഡ്‌സെയില്‍ അഭിമാനം കൊള്ളുന്നു’) വെന്നായിരുന്നു കമന്റ്. ‘ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്‍ നഥൂറാം വിനായക് ഗോഡ്സെ, ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ’ എന്നായിരുന്നു കൃഷ്ണ രാജിന്റെ പോസ്റ്റ്. സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നല്‍കിയ പരാതിയില്‍ കുന്ദമംഗലം പൊലീസ് ഷൈജക്കെതിരെ കേസെടുത്തിരുന്നു.

കലാപ ആഹ്വാനത്തിനാണ് അധ്യാപികയ്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. എസ് എഫ് ഐയുടെ പരാതിപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പിന്നീട് തീരുമാനിക്കുമെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എൻഐടിയുടെ ആഭ്യന്തരഅന്വേഷണ റിപ്പോർട്ടിന് ശേഷമാകും വകുപ്പു തല നടപടികളുണ്ടാകുക. വ്യാപക പ്രതിഷേധങ്ങളെത്തുടർന്ന് അധ്യാപിക അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button