കൊച്ചി: ഹിന്ദു ഐക്യവേദിയുടെ പരിപാടിക്ക് സംസാരിക്കാൻ ക്ഷണിച്ചിട്ട് ചെന്ന തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് സ്വപ്നയുടെ വക്കീൽ അഡ്വ. കൃഷ്ണരാജ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ശശികല ടീച്ചറേ… ഞാൻ പാവം അല്ലേ.
കഴിഞ്ഞ ആഴ്ച ഹിന്ദു ഐക്യവേദിയുടെ തിരൂർ താലൂക്ക് ഭാരവാഹികൾ കോട്ടക്കലിലെ ചാത്തു ചേട്ടൻ വഴി എന്നെ ബന്ധപ്പെടുന്നു. ഒരു ചെറിയ ആവശ്യം. മാർച്ച് മാസം 16ആം തീയതി കോട്ടക്കലിൽ നടക്കുന്ന ഹിന്ദു മഹാ സമ്മേളനത്തിൽ ഞാൻ സംസാരിക്കണം.
കോട്ടക്കൽ ചാത്തുകുട്ടി ചേട്ടന്റെ നിർബന്ധത്തിന് എനിക്ക് മറുപടി ഇല്ലാത്തതിനാൽ ഞാൻ സമ്മതിച്ചു. ഇന്നലെ രാവിലെ മുതൽ വിളി തുടങ്ങി. എപ്പോൾ തിരിക്കും എപ്പോൾ എത്തും.
ഉച്ചക്ക് എറണാകുളത്ത് നിന്നും തിരിച്ചു സമയത്തിന് സമ്മേളന സ്ഥലത്ത് എത്തി. സമാജ പ്രവർത്തകർ എന്നെ നെഞ്ചോട് ചേർത്ത് സൗഹൃദവും സ്നേഹവും ആവേശവും ധൈര്യവും പകർന്നു.
അപ്പോൾ അതാ വാർത്ത വരുന്നു. ഹിന്ദു ഐക്യവേദി താലൂക്ക് ഭാരവാഹികൾക്ക് തിട്ടൂരം എത്തി. “മുകളിൽ” നിന്നുള്ള നിർദ്ദേശം അനുസരിച്ചേ യോഗം നടത്താൻ പാടുള്ളൂ. അതിനാൽ എന്നെ യോഗത്തിൽ സംസാരിക്കാൻ അനുവദിക്കില്ല.
പിന്നെ എനിക്ക് അവിടെ എന്ത് കാര്യം. ഉടൻ തന്നെ കാറിൽ കയറി. അപ്പോൾ അവിടെ ഉണ്ടായിരുന്ന സമാജ പ്രവർത്തകരുടെ വികാര പ്രകടനം ഞാൻ വിവരിക്കുന്നില്ല. മലർന്ന് കിടന്ന് തുപ്പുന്നത് ശരിയല്ലല്ലോ.
അവിടെ യോഗത്തിൽ ഞാൻ പങ്കെടുക്കാത്തതിനാൽ അല്പം സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ട്. കാരണം പരിപാടികളിൽ പങ്കെടുക്കുന്നതിന് ഞാൻ വണ്ടിക്കൂലി വാങ്ങാറില്ല. പക്ഷേ സമാജത്തിന് വേണ്ടി പരമ പ്രധാനമായ ഒരു കാര്യത്തിൽ ഇടപെടാൻ സാധിച്ചു. അതിന്റെ വിവരം തിങ്കളാഴ്ച കഴിയുമ്പോൾ അറിയിക്കാം.
എനിക്ക് ആകെയുള്ള ഒരു സംശയം ആദ്യ ഓറ്റി സിയിൽ പങ്കെടുത്ത ഒരാളുടെ മോനായ ഞാൻ ഹിന്ദു ഐക്യവേദിക്ക് എതിരായി എന്ത് ചെയ്തു.?
ഞാൻ ആകെ ചെയ്തിട്ടുള്ളത് കയ്യേറിയ ക്ഷേത്രഭൂമികൾ തിരികെ പിടിക്കുന്നത് ഉൾപ്പടെയുള്ള ഹൈന്ദവ സമാജ വിഷയങ്ങളിൽ ഒറ്റയാൻ നിയമ പോരാട്ടങ്ങൾ നടത്തുക എന്നതാണ്. അത് ഹിന്ദു ഐക്യവേദിയുടെ സ്ഥാപന ലക്ഷ്യത്തിന് എതിരാണോ?
ഞാൻ അഡ്വക്കേറ്റ് കൃഷ്ണ രാജ് ആയത് ഒരു സംഘടനയുടെയും അംഗത്വത്തിന്റെ പിൻബലത്തിലല്ല.സ്റ്റേജുകളിൽ പ്രസംഗിച്ചും അല്ല. സമാജത്തിനോടുള്ള പ്രതിബദ്ധത കൊണ്ട് മാത്രമാണ്. എന്റെ പ്രവർത്തന മണ്ഡലമായ കോടതിയിലെ എന്റെ പ്രവർത്തനത്തിൽ സമാജം എന്നിൽ അർപ്പിച്ച വിശ്വാസത്തിലും.
എന്തിനാണ് ടീച്ചറേ എന്നോട് ഈ തൊട്ട് കൂടായ്മ? എന്തിനാണ് എന്നോട് ഇത്ര ശത്രുത?
ഞാൻ പാവം അല്ലേ?
അതേസമയം, ഇതിന് മറുപടിയുമായി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ ഷൈനു രംഗത്തെത്തി. ഹിന്ദു ഐക്യവേദിയുടെ പരിപാടിയിൽ കൃഷ്ണരാജ് വക്കീലിനെ ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹാം വ്യക്തമാക്കി. ക്ഷണിച്ച ആൾക്ക് ഹിന്ദു ഐക്യവേദിയുമായി ബന്ധമില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:
ഹിന്ദു ഐക്യവേദിയുടെ വാർഷിക താലൂക്ക് സമ്മേളനമാണ് തിരൂരിൽ . നടന്നത് – സംഘടനയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് വത്സൻ തില്ലങ്കേരി പങ്കെടുക്കുന്ന പരിപാടി ആയത് കൊണ്ടു തന്നെ നല്ല തയ്യാറെടുപ്പിലാണ് സമ്മേളനം നടന്നത് – അതിനായി പ്രദേശത്തെ ഹിന്ദു നേതൃത്വത്തെയും അനുഭാവികളെയും ഉൾപ്പെടുത്തി വിപുലമായ സ്വാഗത സംഘവും രൂപീകരിച്ചിരുന്നു. പരിപാടി കാര്യക്രമം നേരത്തെ നിശ്ചയിച്ച് ക്ഷണപത്രം വരെ തയ്യാറാക്കി വിപുലമായ സമ്പർക്കവും നടന്നിട്ടുണ്ട്
ഇതിലൊന്നും അഡ്വ. കൃഷ്ണരാജ് എന്ന പേര് ഉണ്ടായിരുന്നില്ല – അദ്ദേഹം അവിടെ വന്നത് ഹിന്ദു ഐക്യവേദിയുടെ അറിവോടെയല്ല എന്നത് വ്യക്തമാണ്
ഹിന്ദു ഐക്യവേദിയുടെ താലൂക്ക് – ജില്ലാ ഭാരവാഹികളോ – സ്വാഗത സംഘം ഭാരവാഹികളോ സംഘ നേതൃത്വമോ അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ല. . ഇദ്ദേഹം ക്ഷണിച്ചു എന്ന് പറയുന്ന ചാത്തുകുട്ടിക്ക് ഹിന്ദു ഐക്യവേദിയുമായി ഒരു ബന്ധവുമില്ല.
പരിപാടിയിൽ ക്ഷണിക്കപ്പെട്ടവരെ മൂന്നോ നാലോ തവണ സംഘാടകർ ബന്ധപ്പെട്ട് യാത്ര കാര്യങ്ങളെല്ലാം അന്വേഷിക്കുകയും നേരത്തെ എത്തുന്നവർക്ക് വിശ്രമിക്കുന്നതിനും ഭക്ഷണത്തിനും പ്രവർത്തകൻമാരുടെയോ അനുഭാവികളുടേയോ വീട് വ്യവസ്ഥ ചെയ്യുന്നതുമൊക്കെ ഈ സമ്മേളനത്തിലും നടന്നിട്ടുണ്ട്
വക്കീലിന് സംഘടന പ്രവർത്തകർ ആരാണെന്ന് തിരിച്ചറിയാതെ പോയതിൽ സംഘടന കുറ്റം ഏൽക്കേണ്ട കാര്യമുണ്ടോ ?
കെ. ഷൈനു
ഹിന്ദു ഐക്യവേദി
സംസ്ഥാന ജനറൽ സെക്രട്ടറി
Post Your Comments