ജമ്മു: അതിർത്തി മേഖലയിൽ വീണ്ടും പാകിസ്ഥാനിൽ നിന്നുള്ള ഡ്രോണിന്റെ സാന്നിധ്യം. രണ്ട് ഡ്രോണുകളാണ് അതിർത്തിയിൽ എത്തിയത്. ഡ്രോണുകൾക്ക് നേരെ ഇന്ത്യൻ സൈന്യം വെടിയുതിർത്തു. ജമ്മുവിലും കാശ്മീരിലെ പൂഞ്ച് മേഖലയിലും എത്തിയ പാകിസ്ഥാൻ ഡ്രോണുകൾക്ക് നേരെയാണ് ഇന്ത്യൻ സൈന്യം വെടിയുതിർത്തത്. റിമോട്ടിന്റെ നിയന്ത്രണത്തിലുള്ളവയാണ് രണ്ട് ഡ്രോണുകളും. വെടിയുതിർത്തതോടെ ഇവ തിരികെ അതിർത്തി കടന്ന് പാകിസ്ഥാനിലേക്ക് തന്നെ പോയതായി സൈന്യം അറിയിച്ചു.
ഡ്രോണിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ സുരക്ഷാ സേന വ്യാപക പരിശോധന ആരംഭിച്ചിട്ടുണ്ട്. ഡ്രോൺ വഴി ലഹരി മരുന്നോ ആയുധങ്ങളോ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ വേണ്ടിയാണ് പരിശോധന നടത്തിയത്. നിരന്തരമായി പാകിസ്ഥാൻ ഭീകരവാദികൾ ഡ്രോൺ ഉപയോഗിച്ച് വഴി ലഹരി മരുന്ന്, ആയുധങ്ങൾ എന്നിവ കടത്താൻ ശ്രമിക്കുന്നുണ്ടെന്ന് സൈന്യം വ്യക്തമാക്കി. ഇതിനെതിരെ ശക്തമായ പ്രതിരോധമാണ് ഇന്ത്യൻ സൈന്യം നടത്തുന്നത്. അതേസമയം, ഡ്രോണുകളെ കുറിച്ചുള്ള വിവരം നൽകുന്നവർക്ക് ജമ്മു-കാശ്മീർ പോലീസ് 3 ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments