എറണാകുളം: മൂന്ന് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിൽ കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷിച്ചു. എറണാകുളം മലയാറ്റൂരിലാണ് ഇന്ന് രാവിലെ കുട്ടിയാന കിണറ്റിലേക്ക് വീണത്. ഇല്ലിത്തോട്ടിൽ റബ്ബർ തോട്ടത്തിന് സമീപമുള്ള കിണറ്റിലേക്ക് കുട്ടിയാന അബദ്ധത്തിൽ വീഴുകയായിരുന്നു. കുട്ടിയാന കിണറ്റിൽ അകപ്പെട്ടതോടെ റബ്ബർ തോട്ടത്തിന് സമീപത്ത് നിന്നും ആനക്കൂട്ടം മാറിയിരുന്നില്ല.
വനപാലകർ സ്ഥലത്തെത്തിയാണ് കുട്ടിയാനയെ രക്ഷിച്ചത്. കിണറിനോട് ചേർന്ന സ്ഥലത്തെ മണ്ണ് ജെസിബി ഉപയോഗിച്ച് നീക്കിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ, സമീപത്തുള്ള ആനക്കൂട്ടം രക്ഷാപ്രവർത്തനത്തിന് വലിയ രീതിയിൽ വെല്ലുവിളി ഉയർത്തിയിരുന്നു. ജെസിബി ഉപയോഗിച്ച് കിണറിന് സമീപത്ത് കൂടി വഴിവെട്ടുകയും, ആ വഴിയിലൂടെ കുട്ടിയാനയെ പുറത്തെത്തിക്കുകയുമായിരുന്നു. നിലവിൽ, കാട്ടാനക്കൂട്ടത്തോടൊപ്പം കുട്ടിയാനയും കാടുകയറിയതായി വനപാലകർ അറിയിച്ചു. സാധാരണയായി ഈ മേഖലകളിൽ ആന ഇറങ്ങാറുണ്ട്. എന്നാൽ, ഇതാദ്യമായാണ് ഇത്ര വലിയ ആനക്കൂട്ടം റബ്ബർ തോട്ടത്തിന് സമീപം എത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
Also Read: ലോക്‌സഭ തെരഞ്ഞെടുപ്പിലെ സിപിഎം സാധ്യത പട്ടിക പുറത്ത്: മത്സര രംഗത്ത് ഇവര്‍
Post Your Comments