തൃപ്പൂണിത്തുറയിൽ സ്ഫോടനം ഉണ്ടായ സ്ഥലം സന്ദർശിച്ച് സബ് കളക്ടർ കെ.മീര. മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ ഭാഗമായാണ് സബ് കളക്ടർ അപകട സ്ഥലം സന്ദർശിച്ചത്. പടക്ക സംഭരണശാലയിലെ തീപിടുത്തവുമായി ബന്ധപ്പെട്ട അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് സബ് കളക്ടർ അറിയിച്ചു. ബന്ധപ്പെട്ട രേഖകളും മൊഴികളും പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുന്നതാണ്. അപകടത്തെ തുടർന്ന് നാശനഷ്ടം സംഭവിച്ച വീടുകളും സബ് കളക്ടർ സന്ദർശിച്ചിട്ടുണ്ട്.
ബലക്ഷയം സംഭവിച്ച കെട്ടിടങ്ങളെ സംബന്ധിച്ച് എൻജിനീയറിംഗ് വിഭാഗത്തിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അപകട സാധ്യത കൂടുതലുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് സബ് കളക്ടർ വ്യക്തമാക്കി. കണയന്നൂര്‍ തഹസില്‍ദാര്‍ ബിനു സെബാസ്റ്റ്യന്‍, ഫോര്‍ട്ട് കൊച്ചി ആര്‍ഡി ഓഫീസ് സീനിയര്‍ സൂപ്രണ്ട് വി വി ജയേഷ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘമാണ് സബ് കളക്ടറോടൊപ്പം അപകട സ്ഥലം സന്ദർശിച്ചത്.
Also Read: മാർച്ചിലെ ആദ്യത്തെ ശനിയാഴ്ച പ്രത്യേക വ്യാപാര സെഷൻ നടത്തും: സർക്കുലർ പുറത്തിറക്കി
തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച പടക്കശേഖരമാണ് പൊട്ടിത്തെറിച്ചത്. നാടിനെ നടുക്കിയ അപകടത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമാകുകയും, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പാലക്കാട് നിന്നും ഉത്സവത്തിന് എത്തിച്ച പടക്കങ്ങളാണ് വാഹനത്തിൽ നിന്ന് ഇറക്കുമ്പോൾ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. തെക്കുംഭാഗത്തെ പടക്കകടയിലാണ് തീപിടുത്തം ഉണ്ടായത്.
Post Your Comments