ഭുവനേശ്വര്‍: വിജിലന്‍സിന്റെ റെയ്ഡില്‍ നിന്നും രക്ഷപ്പെടുന്നതിനായി രണ്ട് കോടി രൂപ അയല്‍വാസിയുടെ ടെറസിലെറിഞ്ഞ് സബ് കളക്ടര്‍. ഒഡീഷയിലെ നബരംഗ്പൂര്‍ ജില്ലയിലാണ് സംഭവം. ജില്ലയിലെ അഡീഷണല്‍ സബ് കളക്ടര്‍ പ്രശാന്ത് കുമാര്‍ റൗട്ടാണ് പണം ഒളിപ്പിക്കാന്‍ ശ്രമിച്ചത്. അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നാരോപിച്ചായിരുന്നു വിജിലന്‍സിന്റെ റെയ്ഡ്.
പ്രശാന്തിന്റെ ഭുവനേശ്വറിലെ കാനര്‍ വിഹാര്‍ ഏരിയയിലെ വീട്ടിലാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. ഇതിന് മുന്‍പ് റൗട്ട് അയല്‍വാസിയുടെ ടെറസിലേയ്ക്ക് പണം നിറച്ച ബാഗ് എറിയുകയായിരുന്നുവെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിന്നാലെ ടെറസില്‍ നടത്തിയ തിരച്ചിലില്‍ ആറ് പെട്ടികളിലായി ഒളിപ്പിച്ച രണ്ട് കോടിയിലധികം രൂപ ഉദ്യോഗസ്ഥര്‍ കണ്ടെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ ആരംഭിച്ച റെയ്ഡ് 36 മണിക്കൂറിലേറെ സമയമെടുത്താണ് അവസാനിച്ചത്. എച്ച്ഐജി-115, ഭുവനേശ്വര്‍, കാനര്‍ വിഹാറിലെ വീട്, നബരംഗ്പൂരിലെ ഇയാളുടെ മറ്റൊരു വീട്, ഓഫീസ് ചേംബര്‍, ഭദ്രക് ജില്ലയിലെ മാതാപിതാക്കളുടെ വീട് എന്നിങ്ങനെ ഒന്‍പത് സ്ഥലങ്ങളിലാണ് ഒരേസമയം റെയ്ഡ് നടന്നത്. ഇതിന് പുറമേ പ്രശാന്തിന്റെ പരിചയക്കാരുമായി ബന്ധപ്പെട്ട അഞ്ച് ഇടങ്ങളിലും തിരച്ചില്‍ നടത്തിയതായി വിജിലന്‍സ് ഓഫീസര്‍ അറിയിച്ചു.
Post Your Comments