എറണാകുളം: തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് പടക്ക സംഭരണ ശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രദേശവാസികൾ രംഗത്ത്. പ്രത്യേക കമ്മീഷനെ നിയമിച്ച് നഷ്ടപരിഹാരം കണക്കാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇതിനായി ഹൈക്കോടതിയെ സമീപിക്കുന്നതാണ്. സ്ഫോടനത്തെ തുടർന്ന് പ്രദേശത്തെ 45-ഓളം വീടുകൾക്കാണ് നാശനഷ്ടം സംഭവിച്ചത്. അപകടത്തിന് കാരണക്കാരായവർ നഷ്ടപരിഹാരം നൽകണമെന്നും, അല്ലെങ്കിൽ നിയമപരമായി നേരിടാനാണ് തീരുമാനമെന്നും ആക്ഷൻ കൗൺസിൽ വ്യക്തമാക്കി. സ്ഫോടനത്തിന്റെ യഥാർത്ഥ ഉത്തരവാദി ആരാണ് എന്നതിനെക്കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. ആരോപണ വിധേയരായവർ ഒളിവിൽ പോയിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊർജ്ജിതമാക്കി.
അപകടം നടന്ന് മൂന്ന് ദിവസം പിന്നിട്ടെങ്കിലും പ്രദേശത്തെ നഷ്ടപരിഹാരത്തെക്കുറിച്ച് ഇതുവരെ കൃത്യമായ കണക്കുകൾ അധികൃതർ തയ്യാറാക്കിയിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. സന്നദ്ധ സംഘടനകളാണ് പ്രദേശത്തെ വീടുകൾ വാസയോഗ്യമാക്കി തീർത്തത്. പല വീടുകളിലും പഴയ രീതിയിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. അതിനാൽ, ഉടൻ തന്നെ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. സ്ഫോടനത്തിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്താൻ ഇന്നലെ ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു. ഫോർട്ട് കൊച്ചി സബ് കലക്ടർ കെ. മീരയ്ക്കാണ് അന്വേഷണ ചുമതല. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായോ എന്നതടക്കം അന്വേഷണത്തിൽ പരിശോധിക്കുന്നതാണ്.
Also Read: വികസനത്തിന്റെ തേരിലേറി ലക്ഷദ്വീപ്! നാവിക താവളങ്ങൾ നിർമ്മിക്കാനൊരുങ്ങി കേന്ദ്രസർക്കാർ
Post Your Comments