മാനന്തവാടി: വയനാട് മാനന്തവാടിയിൽ രണ്ട് ദിവസമായി ഭീതി വിതച്ച് ആളെക്കൊല്ലി കാട്ടാനയായ ബേലൂർ മഗ്നയെ ട്രാക്ക് ചെയ്തു. ആന ഇന്നലെ കണ്ട മണ്ണുണ്ടി വനത്തിൽ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. സാഹചര്യം അനുകൂലമായാൽ ഉടൻ തന്നെ മയക്കുവെടി വയ്ക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മരത്തിന് മുകളിൽ കയറി നിന്ന് ആനയെ മയക്കുവെടി വെക്കാൻ കഴിയുമോയെന്നും ശ്രമിക്കുന്നുണ്ട്.
ദൗത്യസംഘം ആനയെ കണ്ടെത്തിയിട്ടുണ്ടെങ്കിലും മറ്റ് ആനകൾ കൂടെ ഉള്ളതിനാൽ മയക്കുവെടി വയ്ക്കുക എന്നത് ദുഷ്കരമാകാൻ സാധ്യതയുണ്ട്. ഇന്നലെ 13 ടീമുകളാണ് ആനയെ നിരീക്ഷിച്ച് നിലയുറപ്പിച്ചിരുന്നത്. അതുകൊണ്ടു തന്നെ, വനത്തിൽ നിന്ന് ആന പുറത്തിറങ്ങുന്നത് തടയാൻ സാധിച്ചിട്ടുണ്ട്. മയക്കുവെടി വെച്ചാൽ കുങ്കിയാനകളുടെ സഹായം തേടുന്നതാണ്. ഇതിനായി കാടിന് സമീപം കുങ്കിയാനകളും നിലയുറപ്പിച്ചിട്ടുണ്ട്. സുരക്ഷ കണക്കിലെടുത്ത് മാനന്തവാടി പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. അനാവശ്യമായി ജനങ്ങൾ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർ ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments