Latest NewsKerala

13 കാരനെ രക്ഷിക്കാൻ ശ്രമിക്കവേ വിരുന്നിനെത്തിയവരെയും കവർന്ന് മരണക്കയം: ഒരു കുടുംബത്തിലെ 3 പേരുടെ വിയോഗത്തിൽ ഞെട്ടി നാട്

കോഴിക്കോട്: ഒരു കുടുംബത്തിലെ മൂന്നുപേരുടെ വിയോഗത്തിന്റെ ഞെട്ടലിൽ ആണ് നാട്. ബന്ധുവീട്ടില്‍ വിരുന്നിനെത്തിയവര്‍ അറിഞ്ഞിരുന്നില്ല അവരെ കാത്തിരുന്നത് മരണക്കയമാണെന്ന്. പുഴയില്‍ കുളിക്കുന്നതിനിടെ ആയിരുന്നു ഒരു കുടുംബത്തിലെ മൂന്ന് പേര് മുങ്ങി മരിച്ചത്. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ പിലാശ്ശേരി പൊയ്യ പുളിക്കമണ്ണില്‍ക്കടവിലായിരുന്നു ദാരുണമായ അപകടം നടന്നത്.

കുന്നമംഗലം കാരിപ്പറമ്പതക്ക് സിദ്ധാര്‍ത്ഥന്റെ ഭാര്യ സിന്ധു(മിനി 48), ഇവരുടെ മകളും വൈത്തിരി കാവുമന്നം രാജേഷിന്റെ ഭാര്യയുമായ ആതിര(25), പൊയ്യ കുഴിമണ്ണില്‍ ഷിനിജയുടെയും ഷാജിയുടെയും മകന്‍ അദ്വൈത്(13) എന്നിവരാണ് മരിച്ചത്. ഷിനിജ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. അദ്വൈതിന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു സിന്ധുവും ആതിരയും. വൈകിട്ട് എല്ലാവരും ചേര്‍ന്ന് പൊയ്യ കടവില്‍ കുളിക്കാനായി പോയതായിരുന്നു. ഇതിനിടെ അദ്വൈത് പുഴയില്‍ മുങ്ങിപ്പോയി. രക്ഷിക്കാനായി ഇറങ്ങിയ ആതിരയും സിന്ധുവും ഷിനിജയും അപകടത്തില്‍പ്പെടുകയായിരുന്നു. അദ്വൈതിന്റെ കുടുംബം രണ്ട് വര്‍ഷം മുമ്പ് മാത്രമാണ് ഇവിടെ താമസമാക്കിയത്. അതുകൊണ്ടുതന്നെ പുഴയെ കുറിച്ച് കുടുംബത്തിന് ധാരണയുണ്ടായിരുന്നില്ല. ഇതാണ് അപകടത്തിലേക്ക് നയിച്ചത്.

ആതിരയുടെ ആറ് വയസുള്ള കുട്ടിയും, അദ്വൈതിന്റെ സഹോദരിയും മാത്രമാണ് ആ സമയം കരയിൽ ഉണ്ടായിരുന്നത്. ഇവരുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ അപകടം ശ്രദ്ധിക്കുന്നത്. അപ്പോഴേക്കും അരമണിക്കൂറോളം പിന്നിട്ടിരുന്നു. ഇതിനിടയില്‍ ഷിനിജയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചു. മറ്റു മൂന്നുപേരും ഇതിനോടകം തന്നെ മരിച്ചിരുന്നു. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം വീട്ടിലെത്തിച്ച് സംസ്‌കരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button