മാനന്തവാടി: വയനാട്ടില്‍ ഇന്നലെ ഒരാളുടെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നത്തേക്ക് അവസാനിച്ചു. മിഷൻ ബേലൂർ മഖ്ന തിങ്കളാഴ്ച വീണ്ടും ആരംഭിക്കും. വനം വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. റേഡിയോ കോളർ ഘടിപ്പിച്ച ബേലൂർ മഗ്‌ന എന്ന കാട്ടാനയാണ് അതിർത്തി വഴി വയനാട്ടിലേക്ക് പ്രവേശിച്ചത്. സിഗ്നല്‍ ലഭിക്കുന്നതനുസരിച്ച് രാവിലെ തന്നെ ദൗത്യം പുനരാരംഭിക്കും. പ്രതിഷേധം താൽക്കാലികമായി നിർത്തിവെച്ച് നാട്ടുകാർ. രാത്രി പട്രോളിങ്ങുണ്ടാവുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
വനംവകുപ്പിന്റെ 13 ടീമും പോലീസിന്റെ അഞ്ച് ടീമുമാണ് പട്രോളിങ് നടത്തുന്നത്. ഒരു സംഘം ആനയെ നിരീക്ഷിക്കും. പ്രദേശത്ത് മൂടല്‍മഞ്ഞുള്ള കാലാവസ്ഥായാണെന്ന് ചൂണ്ടിക്കാട്ടിയ സി.സി.എഫ്. കെ.എസ്. ദീപ രാവിലെ അഞ്ചരയോടെ ദൗത്യം പുനരാരംഭിക്കാന്‍ കഴിഞ്ഞേക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു. കാട്ടാനയുടെ സാന്നിധ്യമുള്ളതിനാല്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി തിരുനെല്ലി പഞ്ചായത്തിലേയും മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളിലേയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബർ 30ന് ഹാസൻ ഡിവിഷനിലെ ബേലൂരിൽ നിന്നാണ് ഈ ആനയെ പിടികൂടിയത്. തുടർന്ന് റേഡിയോ കോളർ ഘടിപ്പിച്ച ശേഷം കാട്ടിലേക്ക് തുറന്നുവിടുകയായിരുന്നു. മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ ബേലൂർ മഗ്‌ന അജീഷ് എന്ന യുവാവിനെ ആക്രമിച്ച് കൊന്നിരുന്നു. കർണാടകയിലെ ഹാസൻ ഫോറസ്റ്റ് ഡിവിഷനിലെ ബേലൂരിൽ സ്ഥിരമായി വിളകൾ നശിപ്പിക്കുകയും ജനവാസ മേഖലയിൽ ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്ന ആനയാണ് ബേലൂർ മഗ്‌ന. തുടർച്ചയായ ആക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്, കർണാടക വനം വകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച ശേഷം ആനയെ വയനാട് വന്യജീവി സങ്കേത വനാതിർത്തിയിലെ മൂലഹോള്ള വന്യജീവി റേഞ്ചിൽ തുറന്നുവിടുകയായിരുന്നു. കിലോമീറ്ററുകളോളം താണ്ടിയ ശേഷം ഇന്ന് പുലർച്ചെയാണ് കാട്ടാന ജനവാസ മേഖലയിലേക്ക് പ്രവേശിച്ചത്.
Post Your Comments