Latest NewsKeralaNews

300 കോടി രൂപയുടെ നിക്ഷേപവുമായി സ്വകാര്യ പണം ഇടപാട് സ്ഥാപന ഉടമയും കുടുംബവും മുങ്ങി: അന്വേഷണം ആരംഭിച്ച് പോലീസ്

പത്തനംതിട്ട: 300 കോടി രൂപയുടെ നിക്ഷേപവുമായി സ്വകാര്യ പണം ഇടപാട് സ്ഥാപന ഉടമയും കുടുംബവും മുങ്ങി. പുല്ലാട് ആസ്ഥാനമായ സ്വകാര്യ പണം ഇടപാട് സ്ഥാപന ഉടമയും കുടുംബവുമാണ് മുങ്ങിയത്. സ്ഥാപനത്തിനെതിരെ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 150 ഓളം പരാതികൾ എത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഉടമയും കുടുംബവും മുങ്ങിയത്.

അരലക്ഷം മുതൽ ഒന്നരക്കോടി രൂപ വരെ നിക്ഷേപിച്ചവരാണ് പണം തിരികെ ലഭിക്കാത്ത സാഹചര്യത്തിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ജി ആൻഡ് ജി ഫൈനാൻസിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഫൈനാൻസിന്റെ ഉടമ ശ്രീരാമസദനത്തിൽ ഡി ഗോപാലകൃഷ്ണൻ നായർ, ഭാര്യ സിന്ധു ജി നായർ, മകൻ ഗോവിന്ദ് ജി നായർ, മരുമകൾ ലക്ഷ്മി നായർ എന്നിവർക്കെതിരെ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിലായ ഇവർക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

ഡിസംബർ മാസം വരെ ഇവർ നിക്ഷേപകർക്ക് പലിശ നൽകിയിരുന്നു. ജനുവരി അവസാന ആഴ്ചയിലാണ് ഇവർ കുടുംബസമേതം ഒളിവിൽ പോയത്. സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്ന തരത്തിൽ ഒരു ശ്രുതി പടർന്നിരുന്നു. ഇതോടെ നിക്ഷേപകർ സ്ഥാപനത്തിലേക്ക് കൂട്ടമായി എത്തുകയും നിക്ഷേപം പിൻവലിക്കാൻ പോകുകയാണെന്ന് വ്യക്തമാക്കുകയും ചെയ്തു. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് അവസ്ഥ വന്നതോടെ ഉടമ നിക്ഷേപകരുടെ യോഗം വിളിച്ചു ചേർത്തു. സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും പല ഘട്ടങ്ങളിലായി പണം മടക്കി നൽകാമെന്നും യോഗത്തിൽ ഉടമ വ്യക്തമാക്കിയിരുന്നു. നിക്ഷേപത്തിന്റെ ഒരു ശതമാനം വെച്ചാൽ 100 മാസം കൊണ്ട് മടക്കി നൽകാമെന്നായിരുന്നു യോഗത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ഇത് അംഗീകരിക്കാൻ നിക്ഷേപകർ തയ്യാറായില്ല. പിന്നീട് പ്രതിമാസം മുതലിന്റെ രണ്ട് ശതമാനം വീതം തിരികെ നൽകാമെന്ന് ധാരണയായി.

ഇതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഫൈനാൻസ് ഉടമ കുടുംബസമേതം മുങ്ങിയത്. ഗോപാലകൃഷ്ണൻ നായരുടെ കുടുംബവീടും ചുറ്റുമുള്ള അഞ്ചേക്കറും മറ്റൊരു ചിട്ടി കമ്പനി ഉടമയ്ക്ക് വിറ്റ ശേഷമാണ് ഇവർ മുങ്ങിയത് എന്നാണ് നിക്ഷേപകരുടെ ആരോപണം. നിലവിൽ പണം നഷ്ടമായ നിക്ഷേപകരെല്ലാം ചേർന്ന് സമരസമിതി രൂപീകരിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button