ഓരോ അപ്ഡേറ്റിലും നിരവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ച് ഉപഭോക്താക്കളെ ഞെട്ടിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ഇതിനോടകം തന്നെ നിരവധി ഫീച്ചറുകൾ ലഭ്യമാക്കിയിട്ടുണ്ട്. വാട്സ്ആപ്പ് ചാനലുകൾ, ലോഗിൻ പാസ്‌വേഡുകൾ, ചാറ്റ് ലോക്കിംഗ് സംവിധാനം തുടങ്ങിയവയെല്ലാം ചുരുങ്ങിയ കാലയളവിനുള്ളിലാണ് വമ്പൻ ഹിറ്റായി മാറിയത്. ഇപ്പോഴിതാ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പിന്തുണയിൽ പ്രവർത്തിക്കുന്ന കസ്റ്റമർ സപ്പോർട്ട് അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.
ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന തരത്തിലാണ് എഐ പ്രവർത്തിക്കുക. ആദ്യഘട്ടത്തിൽ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കാണ് ഈ ഫീച്ചർ ലഭ്യമാക്കാൻ സാധ്യത. തുടർന്ന് ഐഒഎസ് ഉപഭോക്താക്കളിലേക്കും ഫീച്ചർ എത്തിക്കാൻ സാധ്യതയുണ്ട്. എഐ കസ്റ്റമർ അസിസ്റ്റന്റ് കൊണ്ട് ഉപഭോക്താവിന്റെ പരാതി പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ, എഐയുടെ സഹായത്തോടെ തന്നെ കസ്റ്റമർ എക്സിക്യൂട്ടീവുകളുമായി ബന്ധപ്പെടാവുന്നതാണ്. പുതിയ ഫീച്ചർ എത്തുന്നതോടെ കസ്റ്റമർ അസിസ്റ്റന്റിനായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാനാകും. എന്നാൽ, ഈ ഫീച്ചർ എപ്പോൾ ലഭ്യമാകും എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വാട്സ്ആപ്പ് പുറത്തുവിട്ടിട്ടില്ല.
Post Your Comments