Latest NewsKeralaNews

കെഎസ്ഇബിയുടെ 12 സേവനങ്ങൾക്ക് നിരക്ക് വർദ്ധിപ്പിക്കും: അനുമതി ലഭിച്ചു

തിരുവനന്തപുരം: കെഎസ്ഇബിയുടെ 12 സേവനങ്ങൾക്ക് നിരക്ക് വർദ്ധിപ്പിക്കാൻ അനുമതി ലഭിച്ചു. സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷനെടുക്കാൻ ഇനി ചെലവ് വർദ്ധിക്കും. വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനായി അടയ്ക്കേണ്ട തുകയിൽ 10 ശതമാനം വരെ വർദ്ധനവ് വരുത്തുന്നതിനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

പുതിയ വൈദ്യുതി കണക്ഷൻ നിരക്കിൽ 10 ശതമാനം മുതൽ 60 ശതമാനം വരെ വർദ്ധനവ് വരുത്തണമെന്ന് റെഗുലേറ്ററി കമ്മീഷൻ മുമ്പാകെ വൈദ്യുതി ബോർഡ് ആവശ്യം ഉന്നയിച്ചിരുന്നു. കണക്ഷൻ ഫീസ് ഈടാക്കുന്നത് കണക്ഷൻ എടുക്കുന്നതിന് വേണ്ട പോസ്റ്റിന്റെ എണ്ണവും ലൈനിന്റെ നീളവും ട്രാൻസ്ഫോർമർ സൗകര്യവും വിലയിരുത്തിയാകും.

അതേസമയം, ഊർജ്ജ സംരക്ഷണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ചതിനുള്ള കേരള സംസ്ഥാന ഊർജ്ജ സംരക്ഷണ പുരസ്‌കാരം – 2023 കെഎസ്ഇബിയ്ക്ക് ലഭിച്ചു. വൻകിട ഊർജ്ജ ഉപഭോക്താക്കളുടെ വിഭാഗത്തിലാണ് കെഎസ്ഇബിയ്ക്ക് സംസ്ഥാന അംഗീകാരം നേടാനായത്.
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന അന്താരാഷ്ട്ര ഊർജ്ജമേളയുടെ ഉദ്ഘാടന ചടങ്ങിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീറിൽ നിന്നും കെഎസ്ഇബി ഡയറക്ടർ (REES) സജീവ് ജി ചീഫ് എൻജിനീയർ (REES) പ്രസാദ് വി എൻ. എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

ഊർജ്ജ സംരക്ഷണവും ഊർജ്ജ കാര്യക്ഷമതയും ഉറപ്പാക്കുന്ന ഫിലമെന്റ് രഹിത കേരളം പദ്ധതി, നിലാവ് തെരുവ് വിളക്ക് പദ്ധതി, ജനങ്ങളിൽ ഊർജ്ജസംരക്ഷണ അവബോധം വർദ്ധിപ്പിക്കുന്നതിനായുള്ള ”ഊർജ്ജം കരുതി വയ്ക്കാം നാളേക്ക്” പദ്ധതി, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കേരളമൊട്ടാകെ ചാർജിങ് സ്റ്റേഷനുകൾ, വൈദ്യുതി ലൈനുകളിൽ പ്രസരണ വിതരണ ഊർജ്ജനഷ്ടം കുറയ്ക്കുന്നതിനായി സ്റ്റാർ റേറ്റഡ് ട്രാൻസ്‌ഫോർമർ സ്ഥാപിക്കൽ, റീ കണ്ടക്ടറിംഗ്, ത്രീ ഫേസ് കൺവെൻഷൻ തുടങ്ങിയ പ്രവൃത്തികൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button