ന്യൂഡല്‍ഹി: കാമുകിയായ യുവതിയെ ഒരാഴ്ചയോളം തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഉത്തരാഖണ്ഡ് സ്വദേശിയും ഡല്‍ഹിയിലെ ഭക്ഷണശാലയില്‍ പാചകക്കാരനുമായ പരാസ്(28) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ താമസസ്ഥലത്തുണ്ടായിരുന്ന യുവതിയെ പോലീസ് മോചിപ്പിച്ചു.
പശ്ചിമബംഗാളിലെ ഡാര്‍ജിലിങ് സ്വദേശിയായ യുവതിയാണ് ഡല്‍ഹിയില്‍ ക്രൂരപീഡനത്തിനിരയായത്. പ്രതിക്കൊപ്പം ഡല്‍ഹിയില്‍ താമസിക്കാനെത്തിയ യുവതിയെ ഒരാഴ്ചയോളം ക്രൂരമായ ലൈംഗികപീഡനത്തിനിരയാക്കുകയായിരുന്നു. ഇതിനുപുറമേ നിരന്തരം മര്‍ദിക്കുകയും ചൂടുള്ള പരിപ്പുകറി ദേഹത്തൊഴിച്ച് പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. യുവതിയുടെ ദേഹത്ത് ഇരുപതോളം മുറിവുകളുണ്ട്.
പൊള്ളലേറ്റതിന്റെയും പരിക്കുണ്ട്. എയിംസില്‍ ചികിത്സയിലായിരുന്ന യുവതി കഴിഞ്ഞദിവസം ആശുപത്രി വിട്ടതായും പോലീസ് പറഞ്ഞു.ബംഗാള്‍ സ്വദേശിനിയായ യുവതി ഒരുമാസത്തോളമായി പ്രതിക്കൊപ്പം രാജുപാര്‍ക്കിലെ വീട്ടിലാണ് താമസിച്ചുവന്നിരുന്നത്. ജനുവരി 30-ന് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വന്ന ഫോണ്‍കോളിലൂടെയാണ് സംഭവം പുറത്തറിയുന്നത്. ഒരുസ്ത്രീയെ അവരുടെ ഭര്‍ത്താവ് ഉപദ്രവിക്കുന്നതായാണ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ പറഞ്ഞിരുന്നത്.
തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും യുവതിയെ മോചിപ്പിച്ച് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. യുവതിയുടെ മൊഴിയെടുത്തതോടെയാണ് ക്രൂരപീഡനത്തിന്റെ കൂടുതല്‍വിവരങ്ങൾ പുറത്തായത്. യുവതിയും പ്രതി പരാസും ഫോണ്‍ വഴിയാണ് സൗഹൃദത്തിലായതെന്ന് പോലീസ് പറഞ്ഞു. നാലുമാസം മുമ്പ് ഫോണ്‍ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്.
ജനുവരി ആദ്യവാരം ബെംഗളൂരുവിലെ ഒരു വീട്ടില്‍ വേലക്കാരിയായി യുവതിക്ക് ജോലി ലഭിച്ചിരുന്നു. തുടര്‍ന്ന് യുവതി ബംഗാളില്‍നിന്ന് ഡല്‍ഹി വഴി ബെംഗളൂരുവിലേക്ക് യാത്രതിരിച്ചു. ഡല്‍ഹിയില്‍ തങ്ങി പരാസിനെ കണ്ട് യാത്ര തുടരാനായിരുന്നു പദ്ധതി. ഡല്‍ഹിയിലെത്തിയപ്പോള്‍ പരാസ് യുവതിയെ ഇവിടെതന്നെ നില്‍ക്കാന്‍ നിര്‍ബന്ധിച്ചു. ഡല്‍ഹിയില്‍ ജോലി കണ്ടെത്താന്‍ സഹായിക്കാമെന്നും ഉറപ്പുനല്‍കി. ഇത് വിശ്വസിച്ചാണ് യുവതി രാജുപാര്‍ക്കിലെ വീട്ടില്‍ പ്രതിക്കൊപ്പം താമസം ആരംഭിച്ചത്.
എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞതോടെ യുവാവ് യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. മര്‍ദനവും ലൈംഗികപീഡനവും പതിവായിരുന്നതായും യുവതി പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തില്‍ ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതിയെ ഫെബ്രുവരി രണ്ടാം തീയതി അറസ്റ്റ് ചെയ്തതായും കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
Post Your Comments