ചെന്നൈ: അന്തർ സംസ്ഥാന മോഷണ സംഘത്തിലെ പ്രധാന കണ്ണി പോലീസിന്റെ പിടിയിൽ. മലപ്പുറം സ്വദേശിയായ വിനായക് ആണ് കൊച്ചി സൗത്ത് പോലീസിന്റെ വലയിലായത്. തമിഴ്നാട്ടിലെ അൻപൂരിൽ വച്ചാണ് ഇയാളെ പിടികൂടിയത്. കൃത്യമായ പ്ലാനിംഗുകൾ നടത്തി, അന്യസംസ്ഥാനങ്ങളിൽ നിന്നും വിമാന മാർഗ്ഗം എത്തിയാണ് മോഷണങ്ങൾ നടത്തുന്നത്. മോഷണത്തിനു ശേഷം സംശയത്തിനിട നൽകാതെ തിരികെ പോകുന്നതും വിമാനങ്ങളിൽ തന്നെയാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കറങ്ങി നടന്ന് മോഷണം നടത്തുന്ന വലിയ സംഘത്തിലെ പ്രധാനി കൂടിയാണ് വിനായക്.
ജനുവരി പത്തിന് ഡൽഹിയിൽ നിന്നും വിമാനത്താവളം വഴിയാണ് ഇവർ കൊച്ചിയിൽ എത്തിയത്. തുടർന്ന് പാലാരിവട്ടത്തെ രണ്ട് വീടുകളിൽ മോഷണം നടത്തുകയായിരുന്നു. പകൽ സമയങ്ങളിൽ കെഎസ്ഇബി ഉദ്യോഗസ്ഥരെന്നോ, വാട്ടർ അതോറിറ്റിയിലെ ജീവനക്കാരെന്നോ സ്വയം പരിചയപ്പെടുത്തിയാണ് വീടുകളിൽ എത്തുന്നത്. വീടുകളുടെ കൃത്യമായ ലൊക്കേഷനും സ്വഭാവവും മനസ്സിലാക്കിയശേഷം തക്കം പാർത്ത് മോഷ്ടിക്കുന്നതാണ് രീതി. ഇതിന് പുറമേ, മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ പരിധിയിൽ നിന്ന് ബൈക്കും മോഷ്ടിക്കുന്നതാണ്. ഈ ബൈക്കിൽ കറങ്ങി നടന്നാണ് മോഷ്ടിക്കേണ്ട വീടുകളും സ്ഥാപനങ്ങളും ഏതൊക്കെയെന്ന് മനസ്സിലാക്കുന്നത്.
എറണാകുളം സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 7 ലാപ്ടോപ്പുകളും വിനായകന്റെ നേതൃത്വത്തിലുള്ള സംഘം മോഷ്ടിച്ചിട്ടുണ്ട്. കൂടാതെ, ഏലൂർ, അങ്കമാലി മേഖലകളിൽ നിന്ന് രണ്ട് ബൈക്കുകൾ മോഷ്ടിച്ചതായും, പാലാരിവട്ടം, നോർത്ത് പരിധിയിലെ രണ്ടു വീടുകളിൽ മോഷണം നടത്തിയതായും പ്രതി സമ്മതിച്ചു. മോഷ്ടിച്ച രണ്ട് ബൈക്കുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments