ലണ്ടൻ: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് ക്യാൻസർ രോഗബാധ. ബക്കിങ്ഹാം കൊട്ടാരമാണ് രാജാവിന്റെ രോഗവിവരം സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്. പ്രോസ്റ്റേറ്റ് ചികിത്സയ്ക്ക് ഇടയിലാണ് രോഗം സ്ഥിരീകരിച്ചതെങ്കിലും പ്രോസ്റ്റേറ്റ് ക്യാൻസർ അല്ലെന്ന് ബക്കിങ്ഹാം കൊട്ടാരം വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് പ്രോസ്‌റ്റേറ്റ് ഗ്രന്ഥി വലുതാക്കാനുള്ള ശസ്ത്രക്രിയയ്ക്ക് ചാൾസ് മൂന്നാമൻ വിധേയനായത്. ദി ലണ്ടൻ ക്ലിനിക്കിൽ ആയിരുന്നു ശസ്ത്രക്രിയ. ഇതിന് പിന്നാലെ അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെടുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് അർബുദം സ്ഥിരീകരിച്ചത്.
അതേസമയം, എന്ത് തരം അർബുദം ആണെന്നോ ഏത് ഘട്ടത്തിൽ ആണെന്നോ ഉള്ള വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. അഭ്യൂഹങ്ങൾ ഒഴിവാക്കാൻ രാജാവിൻ്റെ ആഗ്രഹ പ്രകാരം രോഗവിവരം പരസ്യപ്പെടുത്തുകയാണെന്ന് കൊട്ടാരം വിശദീകരിച്ചു.
ചാൾസ് പൊതു പരിപാടികൾ ഒഴിവാക്കി, ചികിത്സ ആരംഭിച്ചു. രാജാവ് എന്ന പദവിയിൽ അദ്ദേഹം തുടരുമെന്ന് കൊട്ടാരം അറിയിച്ചു. മക്കളായ വില്യം, ഹാരി എന്നിവരെ ചാൾസ് തന്നെ രോഗ വിവരം അറിയിച്ചു. അമേരിക്കയിൽ കഴിയുന്ന ഹാരി ഉടൻ നാട്ടിലേക്ക് തിരിക്കും. കഴിഞ്ഞ വർഷം മേയ് മാസത്തിലാണ് ചാൾസ് ബ്രിട്ടൻ്റെ രാജാവായി അധികാരമേറ്റത്.
Post Your Comments