പാലക്കാട്: ഇടതുപക്ഷസർക്കാർ സ്വകാര്യമൂലധനത്തിനായി പുതിയ വ്യവസായനയം സ്വീകരിക്കുന്നുവെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.. ഇതൊരു മുതലാളിത്ത സമൂഹമാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ ഭരണം നടത്തുന്നതിനാൽ ഇതൊരു സോഷ്യലിസ്റ്റ് ഭരണസംവിധാനമാണെന്ന് തെറ്റിദ്ധരിക്കേണ്ടെന്നും കേരള എൻജിഒ യൂണിയൻ ചിറ്റൂർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
സ്വകാര്യ മേഖല പാടില്ലെന്ന് പറഞ്ഞല്ല പണ്ട് സമരം നടത്തിയത്. ഇ.എം.എസ്സിന്റെ കാലം തൊട്ടേ ഇവിടെ സ്വകാര്യ മേഖലയുണ്ട്. ആഗോള തലത്തിലാണ് സ്വകാര്യ മേഖലയെ എതിര്‍ത്തത്. സ്വകാര്യ മൂലധനത്തെ അന്നും എതിര്‍ത്തിട്ടില്ല, ഇന്നും എതിര്‍ത്തിട്ടില്ല, ഇനി എതിര്‍ക്കുകയും ഇല്ല. വിദ്യാഭ്യാസ മേഖലയിലുൾപ്പെടെ എല്ലാ തലത്തിലും സ്വകാര്യ മേഖലയുണ്ട്.
ഇന്ത്യ എന്ന് പറയുന്നത് ഏറ്റവും വലിയ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു ഭരണകൂട വ്യവസ്ഥയാണ്. ഇവിടെ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുകയും ചെയ്യുന്നു. തങ്ങള്‍ ആഗോളവത്കരണത്തെയാണ് എതിര്‍ത്തത്. ഇന്ത്യ കുത്തകമുതലാളിത്വത്തിന്റെയും പല മൂലധനശക്തികളുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു ഭരണകൂടവ്യവസ്ഥയാണ്.
അഞ്ചുവർഷത്തിലൊരിക്കൽ തിരഞ്ഞെടുപ്പ് നടത്തി അധികാരത്തിൽ വരാനും പുറത്ത് പോകാനും സാധിക്കുന്നത് അസംബ്ലിക്ക് മാത്രമാണ്. മറ്റൊന്നിനും മാറ്റമുണ്ടാകുന്നില്ല. ഭരണകൂടവ്യവസ്ഥയുടെ നാലിലൊന്നായ സർക്കാർ സംവിധാനത്തിന്റെ ഭാഗമായി കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തി എന്നതുകൊണ്ട്, തൊഴിലാളി വർഗം മുന്നോട്ട് വച്ച എല്ലാ മുദ്രാവാക്യങ്ങളും നടപ്പിലാക്കാൻ സർക്കാരിനാകുമെന്ന തെറ്റിദ്ധാരണ ഞങ്ങൾക്കില്ല’, എം.വി ഗോവിന്ദൻ പറഞ്ഞു.
Post Your Comments