
ന്യൂഡൽഹി: 2029ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദി മഥുരയിലും കാശിയിലും പ്രാണ പ്രതിഷ്ഠ നടത്തുമെന്ന് ഗ്യാൻവാപി കേസിലെ ഹിന്ദു വിഭാഗം അഭിഭാഷകൻ ഹരി ശങ്കർ ജെയ്ൻ. ഗ്യാൻവാപിയിൽ മുസ്ലിം വിഭാഗം എതിർത്താലും കൃത്യമായ തെളിവുള്ളതുകൊണ്ട് കേസ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിനു നൽകിയ അഭിമുഖത്തിലാണ് ഹരി ശങ്കർ ജെയ്ൻ ഇക്കാര്യം പറഞ്ഞത്. മുസ്ലിം ഭരണാധികാരികൾ ഇസ്ലാം നിർമിതികൾക്കല്ല, ഇസ്ലാമിൻ്റെ കരുത്ത് കാട്ടാനായിരുന്നു ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ഗ്യാൻവാപി പള്ളിയുടെ പടിഞ്ഞാറേ ഭാഗത്തുള്ള മതിൽ പുരാതന അമ്പലത്തിൻ്റെ മതിലായിരുന്നു. അമ്പലത്തിൻ്റെ നിരവധി തൂണുകൾ ഇവിടെയുണ്ട്. 300ലധികം ചരിത്രരേഖകളും കരകൗശല വസ്തുക്കളും ലഭിച്ചു. അതുകൊണ്ട് തന്നെ 1669-70 കാലഘട്ടത്തിൽ അമ്പലം പൊളിച്ച് ഔറംഗസീബ് പള്ളി പണിതതാണെന്ന് മനസിലാക്കാം. മുസ്ലിം വിഭാഗം എതിർത്താലും കൃത്യമായ തെളിവുള്ളതുകൊണ്ട് കേസ് ഞങ്ങൾ ജയിക്കും.
മതനിരപേക്ഷതയുടെ പേരുപറഞ്ഞ് ഇതൊക്കെ മറയ്ക്കാൻ കോൺഗ്രസ് സർക്കാർ മുൻപ് പലതവണ ശ്രമിച്ചു. പക്ഷേ, ഇനി ഭാരതീയരെ കബളിപ്പിക്കാനാവില്ല. മുസ്ലിം ഭരണാധികാരികൾ ഇസ്ലാം നിർമിതികൾക്കല്ല ശ്രമിച്ചത്, ഇസ്ലാമിൻ്റെ കരുത്ത് കാട്ടാനായിരുന്നു. ഹിന്ദു അടയാളങ്ങൾ നീക്കി ഹിന്ദുക്കളെ അപമാനിക്കലായിരുന്നു ലക്ഷ്യം.
കേസ് ഹിന്ദുക്കൾ വിജയിക്കുമ്പോൾ മുസ്ലിങ്ങൾക്ക് പള്ളി പണിയാൻ വേറെ സ്ഥലം നൽകുന്നതിനോട് യോജിപ്പില്ല. ഹിന്ദുക്കളോട് ചരിത്രപരമായ പല അനീതിയും ചെയ്ത ഒരു സമുദായത്തിന് അത് നൽകാൻ പാടില്ല. നമ്മുടെ വീട്ടിൽ ഒരാൾ അതിക്രമിച്ചുകയറി താമസിക്കുന്നു. കുറേ കാലത്തെ നിയമയുദ്ധത്തിനു ശേഷം നമ്മൾ വിജയിക്കുന്നു. എന്നിട്ട് അവർക്ക് താമസിക്കാൻ മറ്റൊരു സ്ഥലം അനുവദിക്കുന്നത് നീതിയാണോ? ഹിന്ദു രാഷ്ട്രീയക്കാരാണ് ഹിന്ദുക്കളെ മുസ്ലിങ്ങളെക്കാൾ കൂടുതൽ ദ്രോഹിച്ചിട്ടുള്ളത്. മുലായം സിങ് യാദവ് അങ്ങനെ നിലപാടെടുത്തയാളാണ്.
രാം ലല്ലയുമായി ബന്ധപ്പെട്ട നിയമയുദ്ധത്തിൽ 1989 മുതൽ താൻ പങ്കാളിയാണ്. അത് വലിയ ഒരു പാഠമായിരുന്നു. ഒരു ഹിന്ദു എന്ന നിലയിൽ എനിക്ക് പറയാനുള്ളത്, 2029ഓടെ പ്രധാനമന്ത്രി നരേന്ദ്രമോദി മഥുരയിലും കാശിയിലും പ്രാണ പ്രതിഷ്ഠ നടത്തും എന്നാണ്. ഭാരതം ഹിന്ദുരാജ്യമാവണമെന്നാണ് ആഗ്രഹം. അതിനായി ഹിന്ദുക്കളിൽ നിന്ന് പിടിച്ചെടുത്ത അമ്പലങ്ങൾ തിരിച്ചുപിടിക്കണം. ലക്നൗ, ഡൽഹി തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഇതിനായി നിയമപോരാട്ടം ആരംഭിച്ചുകഴിഞ്ഞു എന്നും ഹരി ശങ്കർ ജെയ്ൻ പറഞ്ഞു.
Post Your Comments