കോഴിക്കോട്: ഗോഡ്സയെ പ്രകീര്‍ത്തിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട എന്‍ഐടി പ്രഫസർക്കെതിരെ കേസെടുത്ത് പോലീസ്. എസ്എഫ്ഐയുടെ പരാതിയിലാണ് എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനെതിരെ കലാപാഹ്വാനത്തിന് കുന്നമംഗലം പൊലീസ് കേസെടുത്തത്. ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്നായിരുന്ന അധ്യാപികയുടെ വിവാദ പരാമർശം.
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് ഗോഡ്സെയെ പ്രകീര്‍ത്തിച്ച് അഡ്വ കൃഷ്ണരാജെന്ന പ്രൊഫൈല്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത അഭിപ്രായത്തിനു താഴെയായിരുന്നു എന്‍ഐടി പ്രൊഫസറായ ഷൈജ ആണ്ടവന്‍റെ വിവാദ പരാമര്‍ശം. നാഥുറാം വിനായക് ഗോഡ്സെ ഒരുപാട് പേരുടെ ഹീറോ എന്ന അഡ്വ കൃഷ്ണരാജിന്‍റെ പരാമര്‍ശത്തെ പിന്തുണച്ച് ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്നായിരുന്നു ഷൈജ ആണ്ടവന്‍ കമന്‍റിട്ടത്.
പ്രാണപ്രതിഷ്ഠാദിനത്തില്‍ സംഘപരിവാര്‍ അനുകൂല വിദ്യാര്‍ത്ഥി കൂട്ടായ്മ ജയ്ശ്രീറാം മുദ്രാവാക്യം മുഴക്കുകയും കാവി നിറത്തില്‍ ഇന്ത്യയുടെ ഭൂപടം വരയ്ക്കുകയും ചെയ്തതിനെച്ചൊല്ലിയുളള വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനു പിന്നാലെയായിരുന്നു ഈ സംഭവം. അധ്യാപികയുടെ പരാമർശം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെ എസ്എഫ്ഐ കുന്നമംഗലം ഏരിയാകമ്മിറ്റി സെക്രട്ടറി നൽകിയ പരാതിയിലാണ് പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തത്. തന്റെ കമന്റ് ഗൗരവത്തോടെയല്ലെന്നായിരുന്നു ഷൈജ ആണ്ടവന്റെ വിശദീകരണം.
Post Your Comments