Latest NewsKeralaNews

‘അവന്റെ കണ്ണുകളിൽ നിന്നും ഉതിർന്നത് കണ്ണീർമഴയാണ്, അവൻ ചരിഞ്ഞത് അല്ല, നമ്മൾ കൊന്നതാണ്!’

അവന്റെ കണ്ണുകളിൽ നിന്നും ഉതിർന്നത് കണ്ണീർമഴയാണ്. നോവിന്റെയും ഭീതിയുടെയും ഒക്കെ ചവർപ്പ് നിറഞ്ഞ കണ്ണീർ!! ഭയവും പരിഭ്രാന്തിയും നോവും ഒക്കെയായി ഓടി ഓടി തളർന്ന സഹ്യന്റെ മകനിൽ നിന്നും വന്ന ആ കണ്ണുനീർ!! അവൻ ചരിഞ്ഞത് അല്ല, നമ്മൾ കൊന്നതാണ്!! ഇവിടുത്തെ മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും മാഫിയ മേലാളന്മാരും ഒത്തുച്ചേർന്നു തണ്ണീർ കൊമ്പനെ ഉറക്കി എന്ന് പറയുന്നതാണ് ശരി.

കൊട്ടും മേളവും ആർപ്പുവിളികളും വെടിക്കെട്ടും തോക്കും മയക്കുവെടിയും കുങ്കിയാനകളും ആംബുലൻസും ജെസിബികളും ക്യാമറ കണ്ണുകളും ഒബി വാനുകളുമായി മനുഷ്യർ അവന് പിന്നിൽ നിന്നും ഓടിച്ചപ്പോൾ അവൻ തോറ്റുപോയി, ജീവിതത്തിൽ നിന്നും തന്നെ മടങ്ങിപ്പോയി. മയക്കുവെടിയേറ്റശേഷം ഇന്നലെ വാഴത്തോട്ടത്തിലെ ഏകാന്തതയിൽ നിന്നപ്പോൾ അവന്റെ കണ്ണിൽ നിന്നും ധാര ധാരയായി ഒഴുകിയ കണ്ണുനീർ എന്തിനെ കുറിച്ച് ആയിരുന്നിരിക്കും? പിന്നീട് എത്രയോ നേരം ശാന്തനായി അവൻ അവിടെ നിന്നു. ഒരുപക്ഷേ അവൻ കണ്ടിരുന്നിരിക്കാം ദേവലോകത്ത് നിന്നും തന്നെ സ്വാഗതം അരുളുന്ന ദേവഗണങ്ങളെ!! അറിയില്ല.

സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിന് നിയമപ്പോരാട്ടങ്ങൾ നടക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ യഥാർത്ഥ സഞ്ചാരസ്വാതന്ത്ര്യത്തിന്റെ നിഷേധം ആനകൾക്ക് നടത്തുന്നവരാണ് നമ്മൾ പ്രബുദ്ധരായ മനുഷ്യർ എന്നതാണ് ഏറ്റവും വലിയ ഐറണി .ഒരു വലിയ “E”യുടെ മാതൃകയിലേക്ക് ചുരുങ്ങിക്കൂടികൊണ്ടിരിക്കുന്ന നമ്മുടെ വനമേഖലയിലെ ഈ തലമുറയിലെ ആനകൾക്ക് കാടുകളേക്കാൾ ഒരുപക്ഷെ കൂടുതൽ പരിചയം നാട്ടിലെ കരിമ്പിൻതോട്ടങ്ങളും കൃഷിയിടങ്ങളുമാണ്. വാലിൽതൂങ്ങിയും ആർത്ത് വിളിച്ചും പാട്ടകൊട്ടിയും പടക്കമെറിഞ്ഞും കൂകിയും കുടിയേറ്റക്കാർ നിത്യേന ആനകളെ കാട് കയറ്റുമ്പോൾ ആരും മനസ്സിലാക്കുന്നില്ല, ഇത്തരം പ്രവൃത്തികളുടെ ഭവിഷ്യത്തുകൾ. ആനകൾക്ക് ഭയം തീർത്തും നഷ്ടപ്പെട്ട് കഴിയുമ്പോൾ ആക്രമണങ്ങൾ ഒഴിച്ചു കൂടാനാവാത്ത ഒരു പ്രശ്നമായി മാറിയേക്കാം. പകൽ മുഴുവനും സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ഇടക്കാടുകളിൽ മറ പിടിച്ച് നിന്ന് രാത്രിയുടെ മറവിൽ തങ്ങളുടെ പെരുവയർ നിറയ്‌ക്കാൻ ഇറങ്ങുമ്പോഴാണ് വീണ്ടും അവർ മനുഷ്യരുടെ മുന്നിൽപ്പെടുന്നതും അപകടങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും സംഭവിക്കുന്നതും.

സമീപകാലത്തെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ് കാട്ടാനയും മനുഷ്യനും തമ്മിലുള്ള യുദ്ധം.കാടെല്ലാം നാടാവുകയും ഉള്ള കാടുകള്‍ തേക്ക് തോട്ടങ്ങളോ യൂക്കാലിപ്റ്റസ് തോട്ടങ്ങളോ ആവുകയും അവശേഷിയ്ക്കുന്ന ഹരിതവനങ്ങളില്‍ നായാട്ടുകാരും കഞ്ചാവുകൃഷിക്കാരും ചാരായ വാറ്റുകാരും താവളമുറപ്പിയ്ക്കുകയും ചെയ്യുമ്പോള്‍ ജീവന്‍ രക്ഷിയ്ക്കാന്‍ വേണ്ടി കുറേക്കൂടി സുരക്ഷിതമായ നാട്ടിലേയ്ക്കിറങ്ങുക എന്നതുമാത്രമേ ആനകള്‍ക്ക് ചെയ്യാനുള്ളൂ. കാടിന്റെ ഭംഗി ആവോളം ആസ്വദിക്കാമെന്ന ടാഗ്ലൈനോടെ കാടിനുള്ളിൽ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി റിസോർട്ടുകളും ഏറുമാടങ്ങളും പണിയുന്ന സ്വാർത്ഥമുഖങ്ങൾ കത്തിയെരിയുന്ന ടയറുകൾ ആനയ്ക്ക് നേരെ എറിയാൻ മടിക്കുന്നില്ലെങ്കിൽ പിന്നെ അവ മാത്രം എന്തിനു വിനോദസഞ്ചാരികൾക്ക് സ്വാഗതമരുളണം? ഒരു വശത്ത് കാട്ടാനയ്ക്ക് നേരെ കത്തുന്ന ടയർ എറിയുന്ന മനുഷ്യക്കോലങ്ങൾക്ക് അതേ അളവിൽ ചവിട്ടിക്കൊന്ന് മറുപടി നല്കി കൊലയാളി ആവുന്നുണ്ട് കാട്ടാനകൾ.

കാട്ടിൽ വർഷങ്ങളായി നിലനിന്നിരുന്ന ആനത്താരകൾ മനുഷ്യനും വേട്ടക്കാരും ഒത്തൊരുമയോടെ ഇല്ലായ്മ ചെയ്തതാണ്. ആനകൾക്ക് അവ അനിവാര്യമാണെന്നാണ് ശാസ്ത്രീയ പഠനങ്ങൾ ഒക്കെയും തെളിയിക്കുന്നത്.350 മുതല്‍ 500 കിലോമീറ്റര്‍ ദൂരം വരെ ആനകള്‍ പ്രതിവര്‍ഷം സഞ്ചരിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍. ഇതിനായി രാജ്യത്ത് ഇപ്പോള്‍ അവശേഷിക്കുന്നത് 101 ആനത്താരകളും. പക്ഷെ ഇവയില്‍ ഭൂരിഭാഗവും ഇപ്പോള്‍ പലവിധ ഭീഷണി നേരിടുന്നുവെന്ന് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ആനത്താരകളുടെ വീസ്തൃതിയില്‍ ഗണ്യമായ കുറവാണ് ഉണ്ടായത്. 28.7 ശതമാനം പ്രദേശവും മനുഷ്യന്‍ കയ്യേറി കൃഷിസ്ഥലമായും മറ്റും മാറ്റപ്പെട്ടു. സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതായതോടെ വന്യജീവി സംഘര്‍ഷവും രൂക്ഷമായി. കേരളത്തിലാവട്ടെ ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം സര്‍ക്കാര്‍ ഭൂമി യാതൊരു നിയന്ത്രണവുമില്ലാതെ ആദിവാസികള്‍ക്കായി പതിച്ചു നല്‍കി.

എന്നാല്‍ ആദിവാസികളെ പറ്റിച്ചും നിസാര തുക നല്‍കിയും ആദിവാസിക്ക് പട്ടയം ലഭിച്ച ഭൂമി മിക്കതും ഇടനിലക്കാര്‍ വഴി മറിച്ച് വില്‍ക്കപ്പെട്ടു. ഇങ്ങനെ വില്‍ക്കപ്പെട്ട ഭൂമിയില്‍ പ്രാദേശീക ഭരണകൂടത്തിന്‍റെ ഒത്താശയോടെ റിസോര്‍ട്ടുകള്‍ ഉയര്‍ന്നു. ഉയര്‍ന്നു വന്ന റിസോര്‍ട്ടുകളില്‍ മിക്കതും നിലനില്‍ക്കുന്നത് പ്രധാനപ്പെട്ട ആനത്താര (കാട്ടാനകളുടെ സഞ്ചാര പാത) കളിലാണ്.

ഇതൊക്കെയാണ് യഥാർത്ഥ വസ്തുതകളെന്നറിഞ്ഞിട്ടും മനുഷ്യനെതിരെ തിരിയുന്ന കാട്ടാനകളുടെ ആക്രമണ സ്വഭാവത്തെ മാത്രം കാണുന്ന നന്മമരങ്ങളോട് പുച്ഛം മാത്രം. ആനത്താരകൾ കയ്യേറി സ്വാർത്ഥലാഭത്തിനായി റിസോർട്ടുകളും ഏറുമാടങ്ങളും കെട്ടി പണം മാത്രം ലക്ഷ്യമിടുന്ന മനുഷ്യജന്മങ്ങൾക്ക് ആനയെ പഴിക്കാൻ എന്തവകാശം?കാട്ടാനശല്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉഗ്ര പ്രസ്താവനകളും പ്രക്ഷോഭങ്ങളും നടത്തുന്ന രാഷ്ടീയപാര്‍ട്ടികളും കര്‍ഷകസംഘടനകളും ആന എന്തു കൊണ്ട്,എന്തിനു വേണ്ടി കാടുവിട്ട് പുറത്തേയ്ക്കിറങ്ങുന്നുവെന്ന് അന്വേഷിക്കാൻ മിനക്കെടാത്തത് ആത്മനിന്ദ കൊണ്ടാണ്. വിനോദസഞ്ചാരമെന്ന പേരിൽ യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാതെ കാടിനുള്ളിൽ റിസോർട്ടുകൾ പണിത് മരണത്തിന്റെ വാരിക്കുഴിയിൽ മനുഷ്യരെ വീഴ്ത്തുന്നവർക്കെതിരെ നടപടിയെടുക്കാനാണ് പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ഉയരേണ്ടത്. അല്ലാതെ കാട്ടകങ്ങളിൽ ജീവിക്കേണ്ട കാട്ടാനകൾക്കെതിരെയല്ല.

സഞ്ചരിക്കുകയാണാസ്സാഹസി- സങ്കൽപത്തിൽ
വൻ ചെവികളാം പുള്ളി സ്വാതന്ത്ര്യപത്രം-വീശി
തൻ ചെറുനാളിൻ കേളീവീഥിയിൽ -വസന്തത്താൽ
സഞ്ചിതവിഭവമാം സഹ്യസാനു ദേശത്തിൽ
ഉന്നിദ്രം തഴയ്ക്കുമീ താഴ്‌വര -പോലൊന്നുണ്ടോ
തന്നെപ്പോലൊരാനയ്ക്കു തിരിയാൻ -വേറിട്ടിടം?
(സഹ്യന്റെ മകൻ – വൈലോപ്പിള്ളി ശ്രീധരമേനോൻ )

അഞ്‍ജു പാർവതി പ്രഭീഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button