Latest NewsKerala

എസ്‌ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ വിചാരണയ്ക്ക് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാർ ഇല്ല, പിന്‍മാറ്റത്തില്‍ ദുരൂഹതയെന്ന് ആരോപണം

ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസില്‍ എല്ലാ പ്രതികൾക്കും പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ച് ചരിത്ര വിധിയായി മാറിയപ്പോൾ നീതി തേടി കാത്തിരിക്കുകയാണ് ഷാനിന്‍റെ കുടുംബം. രണ്‍ജിത് ശ്രീനിവാസൻ കൊല്ലപ്പെടുന്നതിന് തൊട്ടുതലേന്നാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി വി എസ് ഷാൻ കൊല്ലപ്പെട്ടത്.

ഷാനിന്‍റെ കൊല നടന്ന് 82 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കിയിട്ടും കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല. കേസിന്‍റെ വിചാരണ അട്ടിമറിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നതായി ഷാനിന്‍റെ മാതാപിതാക്കള്‍ പറഞ്ഞു. സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരുടെ പിന്‍മാറ്റത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു.

ആലപ്പുഴ ജില്ലയിൽ തുടർച്ചയായി നടന്ന 3 രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒടുവിലത്തേതായിരുന്നു രൺജീത് ശ്രീനിവാസിന്റെ കൊലപാതകം. ചേര്‍ത്തലയിൽ ആര്‍ എസ് എസ് പ്രവര്‍ത്തകനായ നന്ദു കൃഷ്ണയാണ് ആദ്യം കൊല്ലപ്പെട്ടത്. ഇതിന് ശേഷം 2021 ഡിസംബര്‍ 18 ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ കൊല്ലപ്പെട്ടു. മണിക്കൂറൂകള്‍ക്കം ബിജെപി ഒബിസി മോര്‍ച്ച നേതാവ് രണ്‍ജിത് ശ്രീനിവാസനെയും വീട്ടിൽ കയറി ക്രൂരമായി കൊലപ്പെടുത്തി.

മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കൊലപാതകങ്ങളായിരുന്നു ഇത്. ഇതിൽ രണ്‍ജിത് ശ്രീനിവാസന്‍റെ വിചാരണ പൂ‍ർത്തിയായി. പ്രതികൾക്കുള്ള ശിക്ഷാ വിധി ഇന്നലെ പ്രഖ്യാപിക്കുകയും ചെയ്തു. 2022 മാർച്ച് 16നാണ് ഷാന്‍ കൊലക്കേസില്‍ കുറ്റപത്രം നല്‍കിയത്. അതായത് കൊല നടന്ന 82-ാം ദിവസം തന്നെ കുറ്റപത്രം നൽകി. എന്നിട്ടും വിചാരണ വൈകുകയായിരുന്നു എന്നാണ് പ്രധാന ആരോപണം. കേസിൽ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ കിട്ടാത്തതായിരുന്നു കാരണം.

മണ്ണഞ്ചേരി പൊന്നാടിന് സമീപം രാത്രി സ്കൂട്ടറില്‍ വീട്ടിലേക്ക് പോകവേയാണ് ഷാനിനെ ആക്രമിക്കുന്നത്. കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ശരീരത്തിലേറ്റത് 40 മുറിവുകളായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അടുത്ത മാസം രണ്ടിന് ആലപ്പുഴ അഡീഷണല്‍ സെഷൻസി കോടതി ആദ്യമായി കേസ് പരിഗണിക്കും. പ്രതികളെ കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതോടെ വിചാരണ നടപടികൾക്ക് തുടക്കമാകും. 143 സാക്ഷികളാണ് കേസിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button