Latest NewsKeralaNews

നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയേറ്റുന്നു: മതഭീകരവാദത്തിന് മറ്റൊരു മറുപടി ഇല്ലെന്ന് മനസിലാക്കണമെന്ന് വി മുരളീധരൻ

തിരുവനന്തപുരം: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസൻ കൊലക്കേസിലെ പ്രതികളുടെ വധശിക്ഷയിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളത്തിലെ ഇസ്ലാമിക ഭീകരവാദത്തിന്റെ മറ്റൊരു നേർക്കാഴ്ചയായിരുന്നു അഡ്വക്കേറ്റ് രഞ്ജീത് ശ്രീനിവാസന്റെ ഹീനമായ കൊലപാതകമെന്ന് അദ്ദേഹം പറഞ്ഞു. നിരപരാധിയായ ഒരു മനുഷ്യനെ കുടുംബത്തിന്റെ മുന്നിലിട്ട് കൊലപ്പെടുത്തിയ നരാധമൻമാർ ഒരു ദയയും അർഹിക്കുന്നില്ലെന്ന കോടതിവിധി, നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയേറ്റുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മതഭീകരവാദത്തിന് മറ്റൊരു മറുപടി ഇല്ലെന്ന് വധശിക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്നവർ മനസിലാക്കണം. ജോസഫ് മാഷിന്റെ കൈവെട്ടിയപ്പോൾ തന്നെ ഈ ഭീകരക്കൂട്ടത്തെ തളച്ചിരുന്നെങ്കിൽ രഞ്ജിത്തിന് ജീവൻ നഷ്ടപ്പെടില്ലായിരുന്നു. ‘അരിയും മലരും കുന്തിരിക്കവുംവാങ്ങിക്കോ’ എന്ന് മതഭീകരവാദികൾ ഇതരമതസ്ഥരെ ഭീഷണിപ്പെടുത്തില്ലായിരുന്നു. പക്ഷേ കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങളുടെ തണലിൽ അവർ തഴച്ചുവളർന്നു. പട്ടാപ്പകൽ മാരകായുധങ്ങളുമായി ഭീകരർക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കിയ ആഭ്യന്തര വകുപ്പ് ആർക്കൊപ്പമെന്ന് രഞ്ജിത് വധത്തിൽ തെളിഞ്ഞുവെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും നേതൃത്വത്തിൽ ഇച്ഛാശക്തിയുള്ളൊരു ഭരണകൂടം, പിഎഫ്‌ഐയെന്ന രാജ്യവിരുദ്ധസംഘടനയെ വേരോടെ പിഴുതെറിയാൻ ശ്രമിക്കുമ്പോളും ചിലർ ഇക്കൂട്ടർക്ക് കാവൽ നിൽക്കുന്നു. അങ്ങനെയാണ് കൈവെട്ടുകേസിലെ പ്രതി 13 വർഷം കണ്ണൂരിൽ സുഖമായി ജീവിച്ചത്. മതഭീകരവാദത്തെ നിസാരവത്ക്കരിക്കുന്നതിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഇനിയെങ്കിലും കേരളം തിരിച്ചറിയണമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിയാണ് കേസിലെ പ്രതികൾക്ക് ശിക്ഷ പ്രഖ്യാപിച്ചത്. കേസിൽ ആദ്യഘട്ടത്തിൽ വിചാരണ നേരിട്ട 15 പ്രതികൾ കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികളെല്ലാം. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ 3 പേരുമാണ് ആദ്യ ഘട്ടത്തിൽ വിചാരണ നേരിട്ടവർ. 2021 ഡിസംബർ 19 നാണ് ആലപ്പുഴയിലെ വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button