ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് ബംഗാളിലും അനുമതി നിഷേധിച്ചു. 31 ന് മാൽദ ഗസ്റ്റ്ഹൗസിൽ ഉച്ചഭക്ഷണം കഴിക്കാൻ ജില്ലാ കോൺഗ്രസ് അനുമതി തേടിയിരുന്നു. ഈ അപേക്ഷയാണ് ബംഗാൾ സർക്കാർ തള്ളിയത്. അതേ ദിവസം മമത ബാനർജി മാൽദയിൽ എത്തുന്നുണ്ടെന്ന് കാണിച്ചാണ് നടപടി
അതേസമയം നിതീഷ് കുമാറിന്റെ കൂടൂമാറ്റത്തിന് പിന്നാലെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് ഇന്ന് ബിഹാറിൽ എത്തി. ഇന്നും നാളെയും ബിഹാറിൽ പര്യടനം നടത്തും. ഇൻഡ്യ മുന്നണി പാർട്ടി നേതാക്കൾ യാത്രയിലെത്തുമെന്നാണ് കോൺഗ്രസ് പ്രതിക്ഷ.
നിതീഷ് കുമാർ എൻഡിഎ യിലേക്ക് ചേക്കേറിയതിന് പിന്നാലെ ബിഹാറിലെത്തുന്ന യാത്ര വലിയ പ്രതീക്ഷയോടെയാണ് ഇൻഡ്യ മുന്നണി കാണുന്നത്. നിതീഷ് മുന്നണി വിട്ട സാഹചര്യത്തിൽ മുന്നണിയിലെ മറ്റു പാർട്ടി നേതാക്കളെ ബിഹാറിലെ റാലികളിൽ ഉൾപ്പെടെ പങ്കെടുപ്പിച്ച് മുന്നണി ഒറ്റക്കെട്ടാണെന്ന് തെളിയിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്.
വിവിധ ഇടങ്ങളിൽ വലിയ സ്വീകരണവും ഒരുക്കും. ഇൻഡ്യ മുന്നണിൽ നിന്ന് ജെഡിയു പോയ സാഹചര്യത്തിൽ യാത്രയെത്തുമ്പോൾ ജനപിന്തുണ കുറഞ്ഞാൽ യാത്രയെ ബാധിക്കുമെന്നാണ് കോൺഗ്രസ് കണക്കുകൂട്ടൽ. പൂർണിയയിൽ കോൺഗസ് മഹാറാലി സംഘടിപ്പിക്കും. ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്, തേജ്വസി യാദവ് എന്നിവർ യാത്രയിൽ പങ്കെടുത്തേക്കും.
കൂടാതെ, സിപിഎം.സിപിഐ തുടങ്ങി പാർട്ടികളെയും യാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എല്ലാവരും യാത്രയിൽ പങ്കെടുക്കുമെന്നും കോൺഗസ് നേതാവ് പ്രേംചന്ദ്ര മിശ്ര പറഞ്ഞു. നിതീഷിന്റെ മാറ്റത്തിൽ ഇതുവരെ പ്രതികരിക്കാത്ത രാഹുൽ ഗാന്ധി ഇന്ന് പ്രതികരിച്ചേക്കും. രണ്ട് ദിവസത്തെ പര്യടനത്തിനുശേഷം യാത്ര വീണ്ടും ബംഗാളിലേക്ക് കടക്കും.
Post Your Comments