തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ. തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ അടക്കമുള്ള 23 വാർഡുകളിൽ ഫെബ്രുവരി 22-നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. വിജ്ഞാപനം തിങ്കളാഴ്ച പുറപ്പെടുവിക്കും. സ്ഥാനാർത്ഥികൾക്ക് ഫെബ്രുവരി 5 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാവുന്നതാണ്. തുടർന്ന്, ഫെബ്രുവരി 6-ന് സൂക്ഷ്മ പരിശോധന നടത്തും. ഫെബ്രുവരി 8 വരെ പത്രിക പിൻവലിക്കാനുള്ള അവസരമുണ്ട്. വോട്ടെണ്ണൽ ഫെബ്രുവരി 23ന് രാവിലെ 10 മണി മുതൽ ആരംഭിക്കുന്നതാണ്.
നാമനിർദ്ദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കേണ്ട തുക മുൻസിപ്പൽ കോർപ്പറേഷനിൽ 5000 രൂപയും, മുൻസിപ്പാലിറ്റികളിൽ 4000 രൂപയും, ഗ്രാമപഞ്ചായത്തുകളിൽ 2000 രൂപയുമാണ്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ഈ തുകയുടെ പകുതി മതിയാകും. അർഹതയുള്ള സ്ഥാനാർത്ഥികൾക്ക് നിക്ഷേപത്തുക കാലതാമസം കൂടാതെ തിരികെ ലഭിക്കുന്നതിനായി പത്രികയോടൊപ്പം നിശ്ചിത ഫോർമാറ്റിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൂടി രേഖപ്പെടുത്തണം. അതേസമയം, തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ജനുവരി 25-ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 23 വാർഡുകളിലായി ആകെ 32,512 വോട്ടർമാരാണ് ഉള്ളത്.
Post Your Comments