Latest NewsKerala

സ്വന്തം കൃഷിയിടത്തിലെ വൈദ്യുതവേലിയിൽനിന്ന് ഷോക്കേറ്റ് ദമ്പതിമാർ മരിച്ചു

വന്യ മൃഗങ്ങളെ തുരത്താനായി കൃഷിയിടത്തിൽ സ്ഥാപിച്ചിരുന്ന വൈദ്യുതവേലിയിൽനിന്ന് ഷോക്കേറ്റ് ദമ്പതിമാർ മരിച്ചു. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തൻപുരയിൽ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം 4.30-ഓടെയാണ് അപകടമുണ്ടായത്. ഇവരുടെ വീടിനോടുചേർന്നുള്ള കൃഷിയിടത്തിൽ വന്യമൃഗങ്ങളെ തുരത്തുന്നതിനായി വൈദ്യുതവേലി സ്ഥാപിച്ചിരുന്നു.

ഇതിലേക്ക് വൈദ്യുതിപ്രവാഹമുണ്ടെന്നറിയാതെ അബദ്ധത്തിൽ തട്ടി ഷോക്കേൽക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. കൃഷിയിടത്തിലെ കുളത്തിൽ മോട്ടോർ സ്ഥാപിക്കുന്നതിനായാണ് ദമ്പതിമാർ ഇവിടേക്കെത്തിയത്. നടക്കുന്നതിനിടെ വൈദ്യുതവേലി മറികടന്നപ്പോൾ അബദ്ധത്തിൽ കാൽ തട്ടി ഷോക്കേൽക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.

കൃഷിയിടത്തിനുള്ളിൽ ചെറിയ കുറ്റികൾ സ്ഥാപിച്ച് അതിൽ നൂൽക്കമ്പി കെട്ടിയാണ് വേലിയൊരുക്കിയിരുന്നത്. ഇതിലേക്ക് കെ.എസ്.ഇ.ബി.യുടെ വൈദ്യുതി നേരിട്ട് നൽകുകയാണ് ചെയ്തിരുന്നത്. ഷോക്കേറ്റ സരസുവിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് ശിവദാസനും ഷോക്കേറ്റത്. കൃഷിയിടത്തിലെ ചാലിൽ ചെളിയിൽ പുതഞ്ഞുകിടക്കുന്ന നിലയിലായിരുന്നു ഇരുവരും.

നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വൈദ്യുതിബന്ധം വിച്ഛേദിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചത്. സരസുവിനെ പുല്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും ശിവദാസിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുല്പള്ളി സ്റ്റേഷനിലെ എസ്.ഐ.മാരായ സി.ആർ. മനോജ്, രാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തുകയും സംഭവം നടന്ന കൃഷിയിടവും വീടും സീല് ചെയ്യുകയും ചെയ്തു.

അനധികൃത വൈദ്യുതവേലിയിൽനിന്ന് ഷോക്കേറ്റതാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമികാന്വേഷണത്തിൽ ബോധ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കെ.എസ്.ഇ.ബി. അധികൃതരും സ്ഥലത്തെത്തി അന്വേഷണം നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button