ബെംഗളൂരു: മാണ്ഡ്യ ജില്ലയിലെ മേലുകോട്ടെയിലെ കുന്നിന്മുകളിലെ ക്ഷേത്ര മൈതാനത്ത് കുഴിച്ചിട്ട നിലയിൽ അധ്യാപികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ നിതീഷ് പിടിയിൽ. പാണ്ഡവപുര താലൂക്കിലെ മാണിക്യഹള്ളി സ്വദേശി ദീപിക വി. ഗൗഡ (28) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ദീപികയെ കൊലപ്പെടുത്തിയത് കാമുകനും സമീപവാസിയുമായ നിതീഷ് ആണ്. ബന്ധം അവസാനിപ്പിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
കൊല്ലപ്പെട്ട ദീപികയും പ്രതി നിതീഷും പാണ്ഡവപുര താലൂക്കിലെ മാണിക്യഹള്ളി നിവാസികളാണ്. ഭര്‍ത്താവിന്‍റെയും ഏഴുവയസുള്ള മകന്റെയും കൂടെയായിരുന്നു അധ്യാപികയായ ദീപിക താമസിച്ചിരുന്നത്. യുവതി സോഷ്യൽ മീഡിയകളിൽ സജീവമാണ്. റീൽസ് ഒക്കെ ചെയ്യുന്ന ദീപികയ്ക്ക് നിരവധി ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. നല്ല പെരുമാറ്റവും മികച്ച അധ്യാപികയുമായ ദീപികയ്ക്ക് നിരവധി ആരാധകരാണ് ഉള്ളതെന്നാണ് സൂചന. നിതീഷും ദീപികയും രണ്ട് വർഷമായി അടുപ്പത്തിലായിരുന്നു. ഇക്കാര്യമറിഞ്ഞ ദീപികയുടെ കുടുംബം നിതീഷിന് താക്കീത് നല്‍കി. ദീപികയുമായുള്ള സൗഹൃദത്തില്‍നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ ദീപിക നിതീഷുമായി അകലം പാലിച്ചു. ഇതിൽ പ്രകോപിതനായ യുവാവ് യുവതിയെ കൊലപ്പെടുത്താനായി പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു.
സംഭവം നടന്ന ശനിയാഴ്ച നിതീഷിന്റെ പിറന്നാളായിരുന്നു. പിറന്നാള്‍ ആഘോഷിക്കാനെന്ന് പറഞ്ഞാണ് പ്രതി ദീപികയെ മേലുകോട്ടെ കുന്നിലേക്ക് കൂട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഇവിടെവെച്ച് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തർക്കത്തിനിടെ നിതീഷ് ദീപികയെ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കുഴിച്ചിട്ട് സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. കൊലപാതകം നടന്ന് രണ്ടുദിവസത്തിന് ശേഷം യുവാവ് നാട്ടില്‍നിന്ന് മുങ്ങിയത്. താന്‍ നാടുവിടുകയാണെന്നും തന്നെ ഇനി അന്വേഷിക്കേണ്ടെന്നും പിതാവിന് ഇയാൾ സന്ദേശം അയച്ചിരുന്നു. എന്നാൽ വിശദമായ തിരച്ചിലിനിടെ ഇയാളെ ഹൊസ്‌പേട്ടില്‍നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്തു.
Post Your Comments