ബാബരി മസ്ജിദ് ഒരിക്കലും ഇസ്ലാമിന്റെ പ്രതീകമായിരുന്നില്ലെന്ന് ഒരുകാലത്ത് ഇന്ത്യയ്ക്കെതിരെ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന നൂർ ദാഹ്റി. ഒരുകാലത്ത് ഇന്ത്യയ്ക്കെതിരെ ആയുധം എടുത്തതിന് ക്ഷമ ചോദിക്കുന്നവെന്നും ഇപ്പോൾ എഴുത്തുകാരനും പ്രഭാഷകനും തീവ്രവാദ വിരുദ്ധ പ്രവർത്തകനുമായി മാറിയ നൂർ ദാഹ്റി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയ്ക്ക് പിന്നാലെയായിരുന്നു നൂർ ദാഹ്റിയുടെ പ്രതികരണം. രാമക്ഷേത്രത്തിൽ പോകുന്നവർ തനിക്കുവേണ്ടിയും പ്രാർത്ഥിക്കണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
‘ബാബരി മസ്ജിദ് ഇസ്ലാമിന്റെ പ്രതീകമായിരുന്നില്ല. ഹിന്ദുസ്ഥാൻ കീഴടക്കുന്നതിന്റെയും അഫ്ഗാൻ ആക്രമണകാരികൾ രാമക്ഷേത്രം തകർത്തതിന്റെയും അവരുടെ വിജയത്തിന്റെയും പ്രതീകമായിരുന്നു. 90-കളിൽ ബാബറി മസ്ജിദ് തകർത്തതാണ് ഇന്ത്യയ്ക്കെതിരെ ആയുധമെടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. ദൈവങ്ങൾക്ക് നന്ദി, അത് തെറ്റാണെന്ന് ഞാൻ വേഗം തന്നെ തിരിച്ചറിഞ്ഞു. ആയിരക്കണക്കിന് മുസ്ലീങ്ങളും ഹിന്ദുക്കളും ഈ സംഘർഷത്തിൽ മരിച്ചു. പക്ഷേ ഈ ഭൂമി ഹിന്ദുക്കൾക്ക് മാത്രമുള്ളതാണെന്ന് ആരും മനസ്സിലാക്കിയിട്ടില്ല’.
‘ഇന്ത്യയിലെ ഹിന്ദു ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾക്ക് മുകളിൽ നിർമ്മിച്ച എല്ലാ മസ്ജിദുകളും ക്ഷമാപണം നടത്തിയ ശേഷം ഹിന്ദുക്കൾക്ക് സ്വമേധയാ കൈമാറണം. ഇത് ഇസ്ലാമിന്റെ അധ്യാപനമാണ്. ബാബരി മസ്ജിദ് 4 പതിറ്റാണ്ടിലേറെയായി പൂട്ടിക്കിടക്കുകയായിരുന്നു. അവിടെ ആരും ദൈവത്തോട് പ്രാർത്ഥിച്ചില്ല. കുറഞ്ഞത് ആയിരക്കണക്കിന് ആളുകളെങ്കിലും രാമക്ഷേത്രത്തിൽ ദൈവത്തോട് പ്രാർത്ഥിക്കും. മുസ്ലീം പള്ളിയിൽ നമസ്കരിച്ചാലും ഹിന്ദു ക്ഷേത്രത്തിൽ പ്രാർത്ഥിച്ചാലും മുസ്ലീമായ എനിക്ക് ഒരു പ്രശ്നവുമില്ല. രാമക്ഷേത്രത്തിൽ പോകുന്നവർ എനിക്ക് കൂടി വേണ്ടി പ്രാർത്ഥിക്കൂ’- നൂർ ദാഹ്റി എക്സിൽ കുറിച്ചു.
ഒരുകാലത്ത് തീവ്രവാദിയായിരുന്ന നൂർ ദാഹ്റി ഇപ്പോൾ ഒരു പ്രമുഖ ബ്രിട്ടീഷ്-പാകിസ്താൻ എഴുത്തുകാരനും പ്രഭാഷകനും തീവ്രവാദ വിരുദ്ധ പ്രവർത്തകനുമാണ്. അദ്ദേഹം 1967-ൽ പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വയിലെ പെഷവാറിൽ ജനിച്ചു. അദ്ദേഹത്തിന്റെ കുടുംബം 1970-കളിൽ ബ്രിട്ടനിലേക്ക് കുടിയേറി. ദാഹ്റി തന്റെ യൗവനകാലത്ത് തീവ്രവാദത്തിൽ ഏർപ്പെട്ടിരുന്നു. അദ്ദേഹം ലഷ്കർ-ഇ-ത്വയ്ബയുടെ അംഗമായിരുന്നു. എന്നാൽ, 1990-കളിൽ, അദ്ദേഹം തീവ്രവാദത്തിൽ നിന്ന് പിന്മാറി, തീവ്രവാദ വിരുദ്ധ പ്രവർത്തനത്തിലേക്ക് മാറുകയായിരുന്നു.
Post Your Comments