KeralaLatest NewsNews

ഒരു ലക്ഷം വരെ സമ്മാനം: കേരളത്തിൽ താമസിക്കുന്ന മലയാളികൾക്ക് മാത്രം അവസരം!

തിരുവനന്തപുരം: കേരളം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് യാത്രയുടെ ഓര്‍മ്മയ്ക്കായി സൂക്ഷിക്കാവുന്ന പ്രാദേശികത്തനിമയുള്ള സ്മരണികകള്‍ (സുവനീറുകള്‍) തയ്യാറാക്കുന്നതിനായി കേരള സുവനീര്‍ നെറ്റ് വര്‍ക്ക് പദ്ധതിയുമായി കേരള ടൂറിസം. ഇതിന്‍റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പിന് വേണ്ടി ഉത്തരവാദിത്ത ടൂറിസം മിഷന്‍ സുവനീര്‍ നെറ്റ് വര്‍ക്ക് മത്സരം സംഘടിപ്പിക്കുന്നു.

മികച്ച സുവനീറിന് ഒരു ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 50,000 രൂപയും 25,000 രൂപയും സമ്മാനമായി ലഭിക്കും. ഇതിനുപുറമേ ഓരോ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 14 പേര്‍ക്ക് 10,000 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കും. പങ്കെടുക്കുവരില്‍ നിന്നും 100 പേര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട സ്മരണികകള്‍ നിര്‍മ്മിക്കുന്നതിന് പരിശീലനം നല്‍കും.

സുവനീര്‍ നെറ്റ് വര്‍ക്ക് പദ്ധതിയിലൂടെ കേരളത്തിന്‍റെ തനതായ ഉത്പന്നങ്ങളെ ലോകം മുഴുവന്‍ എത്തിക്കുവാനും കേരളം എന്ന ബ്രാന്‍ഡിനെ കൂടുതല്‍ കരുത്തുറ്റതാക്കാനും സാധിക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഈ സ്മരണികകള്‍ സഞ്ചാരികള്‍ക്കൊപ്പം അവരുടെ നാട്ടിലേക്ക് എത്തിച്ചേരുമ്പോള്‍ അവര്‍ എക്കാലവും കേരളത്തെ ഓര്‍ത്തുവയ്ക്കും. കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ പ്രവര്‍ത്തനങ്ങള്‍ എന്നും ലോകശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പരിസ്ഥിതിസൗഹൃദ വസ്തുക്കള്‍ കൊണ്ടുള്ളതും കേരളത്തിന്‍റെ കല, സംസ്കാരം എന്നിങ്ങനെ പ്രാദേശികത്തനിമ ഉള്‍ക്കൊള്ളുന്നതും പൂര്‍ണ്ണത ഉള്ളതും ആകര്‍ഷകവും ആയിരിക്കണം മത്സരത്തിനായി തയ്യാറാക്കുന്ന സ്മരണികകള്‍. ഇതിന്‍റെ ഭാരം 500 ഗ്രാമില്‍ കൂടരുത്. വലുപ്പം 20×15 സെ.മീ 30×15 സെ.മീ ആയിരിക്കണം. അല്ലെങ്കില്‍ ഫ്രെയിം ചെയ്യാവുന്ന തരത്തില്‍ ഫ്ളാറ്റ് ആയിട്ടുള്ളവ ആയിരിക്കണം. കേരളത്തില്‍ സ്ഥിരതാമസമുള്ള മലയാളികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.

പങ്കെടുക്കുന്നവര്‍ സുവനീര്‍ മാതൃകയും പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍, ആധാര്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയ അപേക്ഷാ ഫോമും നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ ഉത്തരവാദിത്ത ടൂറിസം മിഷന്‍ സംസ്ഥാന ഓഫീസില്‍ ഫെബ്രുവരി 28 ന് വൈകീട്ട് 5 മണിക്കുള്ളില്‍ ലഭ്യമാക്കണം. മത്സരത്തിനായി ലഭിക്കുന്ന സുവനീറിന്‍റെ ഉടമസ്ഥാവകാശവും അതിന് മാറ്റം വരുത്താനുള്ള അവകാശവും ഉത്തരവാദിത്ത ടൂറിസം മിഷനായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button