Latest NewsKerala

ഭർതൃവീട്ടിൽ നിന്ന് ആഹാരം കഴിച്ചു മടങ്ങവേ അപകടം: രാത്രി മണിക്കൂറുകളോളം കലുങ്കിനടിയില്‍ കിടന്നിട്ടും ആരും കണ്ടില്ല

പത്തനംതിട്ട: കലുങ്കിന്റെ മതിലില്‍ സ്‌കൂട്ടർ ഇടിച്ചുമറിഞ്ഞ് യുവതി മരിച്ചു. രാത്രി മണിക്കൂറുകളോളം കലുങ്കിനടിയില്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ കിടന്ന മല്ലപ്പള്ളി മഞ്ഞത്താനം അരുണ്‍സ് കോട്ടേജില്‍ സിജി എം.ബിജി (25) യ്ക്കാണ് ദാരുണാന്ത്യം. ഞായറാഴ്ച രാത്രിയാണ് സംഭവം. എന്നാല്‍ രാത്രി ഒരു മണിയോടെയാണ് അപകടം പുറത്തറിയുന്നത്.

മുട്ടുമണ്‍ചെറുകോല്‍പുഴ റോഡില്‍ പമ്പ ജലസേചന പദ്ധതിയുടെ നീർപ്പാലത്തിനു സമീപമാണ് അപകടം. ഇവിടെ വാടകയ്ക്കു താമസിക്കുകയാണ് സിജി. അരകിലോമീറ്റർ അകലെ ഭർത്താവിന്റെ മാതാപിതാക്കള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍നിന്ന് രാത്രി 9 മണിയോടെ ഭക്ഷണം കഴിച്ചിട്ടു പോയതാണെന്ന് വീട്ടുകാർ പറഞ്ഞു. നീർപ്പാലത്തിനു താഴെ റോഡിലുള്ള കലുങ്കില്‍ ഇടിച്ച ശേഷം സ്‌കൂട്ടറും യുവതിയും കലുങ്കിനടിയിലേക്കു വീഴുകയായിരുന്നു.

എന്നാല്‍ അപകട വിവരം ആരും അറിഞ്ഞില്ല. ഇന്നലെ പുലർച്ചെ ഒരു മണിയോടെ ഇതുവഴി കാറില്‍ വന്നവരാണ് കലുങ്കിനോടു ചേർന്നു കാല്‍ ഉയർന്നുനില്‍ക്കുന്നതു കണ്ട് 108 ആംബുലൻസിനെ അറിയിച്ചത്. ഒന്നേകാലോടെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ഭർത്താവ് അബ്ദീഷ് ഇടുക്കിയിലുള്ള ജോലിസ്ഥലത്ത് ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോയിപ്രം പൊലീസ് കേസെടുത്തു. പാട്ടക്കാല അക്ഷയ സെന്ററിലെ ജീവനക്കാരിയായിരുന്നു. സംസ്‌കാരം പിന്നീട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button