തിരുവനന്തപുരം: കെഎസ്ആർടിസിയുടെ വാർഷിക റിപ്പോർട്ട് പുറത്തുവന്നതോടെ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന് വീണ്ടും തിരിച്ചടി. തലസ്ഥാന നിവാസികൾ നെഞ്ചിലേറ്റിയ ഇലക്ട്രിക് ബസുകളുടെ പ്രവർത്തനത്തെ മന്ത്രി തള്ളിപ്പറഞ്ഞിരുന്നു. ഇത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ വാർഷിക റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. ഇലക്ട്രിക് ബസിന്റെ ഡിസംബർ മാസം വരെയുള്ള സർവീസുകളുടെ എണ്ണവും, അതിലൂടെ ഉണ്ടായിട്ടുള്ള ലാഭവും പൂർണമായും വ്യക്തമാക്കുന്നതാണ് വാർഷിക റിപ്പോർട്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇലക്ട്രിക് ബസുകളുടെ ലാഭം 288.91 ലക്ഷം രൂപയാണ്.
2023 ഏപ്രിൽ മുതലാണ് ഇലക്ട്രിക് ബസുകൾ സർവീസ് ആരംഭിച്ചത്. ഏപ്രിൽ മുതൽ ഡിസംബർ വരെ തലസ്ഥാന നഗരിയിലാകെ 18,901 സർവീസുകളാണ് നടത്തിയിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ ഇലക്ട്രിക് ബസ് ഒരു കിലോമീറ്റർ ഓടാൻ 28.45 രൂപയാണ് നിരക്ക്. ശമ്പളത്തിനും ഇന്ധനത്തിനും അടക്കം ചെലവ് വരുന്ന തുക ചേർത്തുള്ളതാണ് 28.45 രൂപ. ഒരു കിലോമീറ്റർ ഓടുമ്പോൾ കിട്ടുന്ന വരുമാനം ശരാശരി 36.66 രൂപയാണ്. അതായത്, ചെലവുകൾ കഴിഞ്ഞുള്ള തുക പരിശോധിച്ചാൽ, ഇലക്ട്രിക് ബസിൽ നിന്നും 8 രൂപ 21 പൈസ ലാഭം ലഭിക്കുന്നുണ്ട്. ഇലക്ട്രിക് ബസുകളുടെ ലാഭനഷ്ട കണക്കുകൾ രേഖപ്പെടുത്തിയ വിശദമായ റിപ്പോർട്ട് ചൊവ്വാഴ്ച ഗതാഗത മന്ത്രിക്ക് സമർപ്പിക്കുന്നതാണ്.
Also Read: നീറ്റ് എംഡിഎസ്: പരീക്ഷാ തീയതി മാറ്റിവെച്ചു, പുതുക്കിയ തീയതി അറിയാം
Post Your Comments