ആലപ്പുഴ: ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കെതിരായ കുറ്റം തെളിഞ്ഞു. 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിയാണ് കേസില്‍ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 15 പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും തെളിഞ്ഞു. ഇന്ന് പ്രൊസിക്യൂഷൻ വാദം പൂർത്തിയായി.
ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികളാണ് കൊലനടത്തിയത്. ഒമ്പത് മുതല്‍ 12വരെയുള്ള പ്രതികള്‍ കൊലനടത്തിയവര്‍ക്ക് സഹായവുമായി വീടിന് പുറത്തുകാത്തുനിന്നുവെന്നും 13 മുതല്‍ 15വരെയുള്ള പ്രതികള്‍ ഗൂഡാലോചന നടത്തിയവരാണെന്നും തെളിഞ്ഞു. കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രൊസിക്യൂഷന്‍ ആവശ്യപ്പെട്ടു. ശിക്ഷ സംബന്ധിച്ച് പ്രതിഭാഗത്തിന്‍റെ വാദം കൂടി തിങ്കളാഴ്ച കേട്ടശേഷം ശിക്ഷ വിധിക്കും.
നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദീന്‍, മുന്‍ഷാദ്, ജസീബ്, നവാസ്, സമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി, ഷെര്‍നാസ് എന്നിവരാണ് കേസിലെ ഒന്ന് മുതല്‍ 15വരെയുള്ള പ്രതികള്‍. കൊലക്കുറ്റത്തിന് പുറമെ 13, 14, 15 പ്രതികള്‍ക്കെതിരെ ചുമത്തിയ ക്രിമിനല്‍ ഗൂഡാലോചന കേസും തെളിഞ്ഞു. കൊലപാതകം, വീട്ടില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വിവിധ കേസുകളാണ് ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്കെതിരെ തെളിഞ്ഞത്. കൊലക്കുറ്റത്തിന് പുറമെ ഒന്ന്, 2,7 പ്രതികള്‍ക്കെതിരെ സാക്ഷികളെ ഉപദ്രവിച്ചതിന് ചുമത്തിയ കേസും തെളിഞ്ഞു.
Post Your Comments