ന്യൂഡൽഹി: ആർ.എസ്.എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നിരോധിത സംഘനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ)യുടെ പ്രവർത്തകൻ സഹീർ കെ.വിയാണ് അറസ്റ്റിലായത്. എൻ.ഐ.എ ആണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഏപ്രിലിൽ ആണ് പാലക്കാട് സ്വദേശിയായ ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊല്ലപ്പെടുന്നത്. കൊലപാതകത്തിന് ശേഷം മുങ്ങിയ സഹീറിനെ പാലക്കാട് ജില്ലയിലെ ഒരു ബന്ധുവീട്ടിൽ നിന്നാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്. ശ്രീനിവാസൻ കൊലക്കേസിലെ പത്താം പ്രതിയാണ് അറസ്റ്റിലായ സഹീർ. അന്വേഷണം ഏറ്റെടുത്ത ശേഷം കേസില്‍ എന്‍ഐഎ നടത്തുന്ന ആദ്യ അറസ്റ്റാണിത്.
ശ്രീനിവാസൻ കൊലക്കേസിലെ മുഖ്യപ്രതിയാണിയാൾ. അക്രമികൾക്ക് സംരക്ഷണം നൽകുന്ന ചുമതല വഹിച്ചിരുന്നതും ഇയാൾ തന്നെയായിരുന്നു. ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവരിൽ ഭീകരത സൃഷ്ടിച്ച് ഇസ്‌ലാമിക ഭരണം സ്ഥാപിക്കാനുള്ള നിരോധിത സംഘടനയുടെ വലിയ പദ്ധതിയുടെ ഭാഗമായിട്ടാണ് സംഘം ശ്രീനിവാസനെ ഇല്ലാതാക്കാൻ പദ്ധതിയിട്ടതെന്നാണ് എൻ.ഐ.എ റിപ്പോർട്ട്. പിഎഫ്‌ഐ നേതാക്കളുടെ വിവിധ ഗൂഢാലോചനകളിൽ പിഎഫ്‌ഐയുടെ പട്ടാമ്പി ഏരിയ പ്രസിഡന്റായിരുന്ന പ്രതിക്ക് പങ്കുള്ളതായി എൻഐഎ അന്വേഷണത്തിൽ തെളിഞ്ഞു.
നേരത്തെ മാർച്ച് 17ന് കേസിൽ പിഎഫ്ഐ പ്രവർത്തകർ ഉൾപ്പെടെ 59 പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഈ പ്രതികളിൽ ഒരാളായ അബ്ദുൾ നാസർ ഈ വർഷം ജനുവരി 2 ന് മരണപ്പെടുകയും ചെയ്തു. കേസിൽ 11 പ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം കേന്ദ്ര ഏജൻസി ശക്തമാക്കിയിരിക്കുകയാണ്.
2022 ഏപ്രിൽ 16നാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ. സുബൈറിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായി തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് കേസ് അന്വേഷണം നടത്തിയ കേരള പോലീസ് കണ്ടെത്തിയിരുന്നു.
Post Your Comments