ന്യൂഡൽഹി: രാജ്യത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കുചേരാൻ ഇക്കുറി ഫ്രഞ്ച് വ്യോമസേനയും. ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി രാജ്യതലസ്ഥാനത്തെ കർത്തവ്യ പഥിന് മുകളിൽ നടന്ന ഫ്ലൈപാസ്റ്റ് റിഹേഴ്സലിൽ ഫ്രഞ്ച് വ്യോമസേനയും ഭാഗമായിട്ടുണ്ട്. എക്സ് പ്ലാറ്റ്ഫോമിലൂടെ ഇന്ത്യൻ വ്യോമസേനയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ഫ്രാൻസിന്റെ പ്രതിരോധ സേന റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള-നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാകുന്നതാണ്.
ജനുവരി 26-ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയാകും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ഇമ്മാനുവൽ മാക്രോണും കൂടിക്കാഴ്ച നടത്തുന്നതാണ്. പ്രതിരോധം, സുരക്ഷ, ഊർജ്ജം, വ്യാപാരം, നിക്ഷേപം തുടങ്ങി വിവിധ മേഖലകളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്യുന്നതാണ്. 2023 ജൂലൈയിൽ ഇന്ത്യ-ഫ്രാൻസ് നയതന്ത്ര ബന്ധത്തിന്റെ 25-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യൻ സേനാംഗങ്ങൾ ബാസ്റ്റിൽ ഡേ പരേഡിൽ പങ്കെടുത്തിരുന്നു.
Also Read: പ്രധാനമന്ത്രി മ്യൂസിയത്തിൽ നരേന്ദ്രമോദി ഗ്യാലറി തുറന്നു: ആദ്യ സന്ദർശകയായി രാഷ്ട്രപതി ദ്രൗപതി മുർമു
Post Your Comments