ചെന്നൈ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിലെത്തി. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി സംസ്ഥാനത്തെ പ്രധാന രാമക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും.
തിരുച്ചിറപ്പള്ളിയിലെ ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിലാകും പ്രധാനമന്ത്രി ആദ്യം ദര്‍ശനം നടത്തുക. പണ്ഡിതന്മാര്‍ കമ്പ രാമായണത്തിലെ ശ്ലോക പാരായണം നടത്തും. തുടര്‍ന്ന് രാമേശ്വരം ശ്രീ അരുള്‍മിഗു രാമനാഥസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും, പൂജകളില്‍ പങ്കെടുക്കും. ഇവിടെ ‘ശ്രീരാമായണ പര്യണ’യജ്ഞത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. വൈകുന്നേരം ക്ഷേത്രത്തിലെ ഭജന്‍ സന്ധ്യയിലും പ്രധാനമന്ത്രി പങ്കെടുക്കും.
നാളെ ധനുഷ്‌കോടിയിലെ കോതണ്ഡരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. പൂജകളിലും മറ്റും പങ്കുച്ചേരും. ധനുഷ്‌കോടിക്ക് സമീപം രാമസേതു നിര്‍മ്മിച്ച സ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന അരിചാല്‍ മുനൈയും അദ്ദേഹം സന്ദര്‍ശിക്കും. ശ്രീരാമന്‍ വനവാസം കഴിഞ്ഞ് അയോദ്ധ്യപുരിയിലേക്ക് തിരികെ വരുന്നത് വിവരിക്കുന്ന എട്ട് വ്യത്യസ്ത പരമ്പരാഗത മണ്ഡലി പാരായാണത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. സംസ്‌കൃതം, അവ്ധി, കശ്മീരി, ഗുരുമുഖി, ആസാമീസ്, ബംഗാളി, മൈഥിലി, ഗുജറാത്തി രാമകഥകളാകും ചൊല്ലുക.
Post Your Comments