മുംബൈ: പിഎം ആവാസ് യോജന ഭവന പദ്ധതി ഉദ്ഘാടനം ചെയ്യവെ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്രമോദി. തനിക്കും ഇതുപോലൊരു വീട് തന്റെ കുട്ടിക്കാലത്ത് ലഭിച്ചിരുന്നുവെങ്കിലെന്ന് ആശിച്ചുപോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ സോളാപൂരിൽ ഭവന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പിഎം ആവാസ് യോജന-അർബൻ പദ്ധതി പ്രകാരം ഉപഭോക്താക്കൾക്ക് വീട് കൈമാറുന്നതിനിടെയായിരുന്നു പ്രധാനമന്ത്രി വികാരനിർഭരമായി സംസാരിച്ചത്. പിഎം ആവാസ് യോജന പദ്ധതി പ്രകാരം രാജ്യത്തെ ഏറ്റവും വലിയ ഗൃഹനിർമ്മാണ പദ്ധതി ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുകയാണ്. 2014ൽ താൻ നൽകിയ വാക്കായിരുന്നു അത്. തനിക്കും ഇതുപോലൊരു വീട്ടിൽ കഴിയാനുള്ള ഭാഗ്യം തന്റെ കുട്ടിക്കാലത്ത് ലഭിച്ചിരുന്നെങ്കിലെന്ന് താൻ ആഗ്രഹിച്ച് പോവുകയാണ്. സോളാപൂരിലെ ആയിരക്കണക്കിന് വരുന്ന പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും വേണ്ടി തന്റെ പ്രതിജ്ഞ നിറവേറ്റാൻ കഴിഞ്ഞുവെന്നതിൽ അത്യധികം സന്തോഷവാനാണ് താനെന്നും അദ്ദേഹം അറിയിച്ചു.
ഈ പദ്ധതിയുടെ തറക്കല്ലിടാൻ അന്നു താൻ ഇവിടെ വന്നപ്പോൾ തനിക്കുറപ്പുണ്ടായിരുന്നു. ഈ വീടുകളുടെ താക്കോലുകൾ ഉടൻ കൈമാറുമെന്ന ഗ്യാരന്റിയായിരുന്നു താൻ നൽകിയത്. ഇന്ന് ആ ഗ്യാരന്റി മോദി നടപ്പിലാക്കിയിരിക്കുകയാണ്. പട്ടിണി മാറ്റുമെന്ന മുദ്രാവാക്യങ്ങൾ ഇവിടെ വർഷങ്ങളോളം ഉയർന്നിരുന്നു. പക്ഷെ മുദ്രാവാക്യങ്ങൾ ആവർത്തിച്ചതല്ലാതെ ഈ രാജ്യത്തെ പട്ടിണിയെ തുടച്ചുനീക്കാൻ സർക്കാരുകൾക്ക് കഴിഞ്ഞില്ല. പാവപ്പെട്ടവരുടെ പേരിൽ പല പദ്ധതികളും ഇവിടെ വന്നുപോയെങ്കിലും അതുകൊണ്ട് ദരിദ്രർക്ക് പ്രയോജനമുണ്ടായില്ല. പാവപ്പെട്ടവർക്ക് അർഹതപ്പെട്ട പദ്ധതികളും പണവും ഇടനിലക്കാർ അടിച്ചുമാറ്റുകയായിരുന്നുവെന്നും നരേന്ദ്രമോദി കൂട്ടിച്ചേർത്തു.
Post Your Comments