വഡോദര: ഭാര്യയുടെ കാർ മോഷ്ടിച്ച ഭർത്താവ് അറസ്റ്റിൽ. ഗുജറാത്തിലാണ് സംഭവം. കടം വീട്ടാൻ വേണ്ടിയാണ് ഭർത്താവ് ഭാര്യയുടെ കാർ മോഷ്ടിച്ചത്. ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാഞ്ചൻ രാജ്പുത്ത് എന്ന യുവതിയുടെ കാർ ആണ് മോഷ്ടിക്കപ്പെട്ടത്. ജനുവരി 6 ന് രാത്രി ഗായത്രി കുർപ്പ-2 സൊസൈറ്റിയിലെ വീടിന് പുറത്ത് പാർക്ക് ചെയ്ത സ്വിഫ്റ്റ് ഡിസയർ കാർ മോഷ്ടിക്കപ്പെട്ടെന്നാരോപിച്ചാണ് യുവതി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്.
തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മോഷണത്തിന് പിന്നിൽ യുവതിയുടെ ഭർത്താവ് ഗോവർദ്ധന് പങ്കുണ്ടെന്ന് പോലീസിന് മനസിലായി. വൻ കടബാധ്യതയുള്ളതിനാൽ സുഹൃത്തായ ഇക്ബാൽ പത്താനുമായി ചേർന്ന് മോഷണം ആസൂത്രണം ചെയ്തതായി ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോട് സമ്മതിച്ചു.
കാറിന് ടോപ്പ്-അപ്പ് ലോൺ എടുത്തതായും ഗഡു അടക്കാൻ കഴിയാതെ വന്നപ്പോഴാണ് മോഷ്ടിക്കാൻ പദ്ധതിയിട്ടതെന്നും ഇയാൾ പോലീസിനോട് വെളിപ്പെടുത്തി. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം പോലീസ് കാർ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പങ്കാളിയായ സുഹൃത്ത് ഇക്ബാലിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments