‘എനിക്ക് പകരം നീ പോയി പരീക്ഷ എഴുതാമോ’യെന്ന് മടിയോടെ അടുപ്പമുള്ളവരോട് ചോദിച്ചിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. പക്ഷേ അത് ഒരിക്കലും സാധിക്കില്ലെന്ന് ചോദിക്കുന്നവർക്കും കേൾക്കുന്നവർക്കുമറിയാം. എന്നാലത് കാര്യമാക്കി എടുത്ത് ആൾമാറാട്ടം നടത്തി പരീക്ഷ ഹാളിൽ എത്തിയ കാമുകന്റെ അമ്പരപ്പിക്കുന്ന വർത്തയാണ് ഇപ്പോൾ വൈറൽ.
വ്യാജ വോട്ടർ ഐഡി, ആധാർ കാർഡുകളുമുണ്ടാക്കി സ്ത്രീ വേഷവും ധരിച്ച്ചുണ്ടിൽ ലിപിസ്റ്റിക്ക് ഇട്ട് കമ്മലും മാലയും വളയുമൊക്കെ അണിഞ്ഞാണ് ഈ വിരുതനായ കാമുകൻ പരീക്ഷയെഴുതാൻ എത്തിയത്. പഞ്ചാബിലെ ഫരീദ്കോട്ടിലാണ് സംഭവം. ബാബ ഫരീദ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ജനുവരി ഏഴിന് ഒരു പരീക്ഷ നടത്തിയിരുന്നു. കോട്‌കപുര ഡിഎവി പബ്ലിക് സ്കൂളിലാണ് ആരോഗ്യ പ്രവർത്തകർക്കുള്ള ഈ പരീക്ഷ സംഘടിപ്പിച്ചത്. ഈ പരീക്ഷ എഴുതാൻ പരംജിത് കൗറിന് പകരം സ്ത്രീരൂപത്തിൽ എത്തിയത് കാമുകൻ അംഗ്‌രേസ് സിംഗാണ്.
പരംജിത് കൗറി ആണെന്ന് തെളിയിക്കുന്നതിനുള്ള രേഖകൾ എല്ലാം വ്യാജമായി ഉണ്ടാക്കി പരീക്ഷയെഴുതാൻ എത്തിയെങ്കിലും കാമുകിയുടെ വിരലടയാളം എട്ടിൻ്റെ പണിയായി മാറി. ബയോമെട്രിക് യന്ത്രത്തിൽ വിരലടയാളം പൊരുത്തപ്പെടാതെ വന്നതോടെ ഇൻവിജിലേറ്റർമാർ ആൾമാറാട്ടം കയ്യോടെ പൊക്കി. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. കൗതുക വാർത്തയായി തോന്നുമെങ്കിലും പൊലീസ് അതീവ ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നത്. അംഗരേസ് സിംഗിനെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്.
Post Your Comments